കൊൽക്കത്ത: ബാലസോർ ട്രെയിനപകടത്തിൽ പരുക്കേറ്റവർക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും സഹായവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും കൈകാലുകൾ നഷ്ടമായവരുടെ ബന്ധുക്കൾക്കും ജോലി നൽകുമെന്ന ഉറപ്പാണു മമത നൽകിയിരിക്കുന്നത്. കൊറമാണ്ഡൽ എക്സ്പ്രസിലുണ്ടായിരുന്നവർക്കു സാമ്പത്തിക സഹായം നൽകുമെന്നും മമത അറിയിച്ചിട്ടുണ്ട്. നിയമന ഉത്തരവും ചെക്കുകളും ബുധനാഴ്ച തന്നെ കൈമാറുമെന്നും മമത അറിയിച്ചു. ട്രെയിനപകടത്തിൽ പരുക്കേറ്റവർക്കും കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായവും ഉറപ്പവരുത്തുമെന്നും മമത പറഞ്ഞു.
ഭുവനേശ്വറിലും കട്ടക്കിലും വിവിധ ആശുപത്രികളിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കാൻ മമത നാളെയെത്തും. ബംഗാളിൽനിന്നുള്ള മന്ത്രിമാരും ഉന്നത നേതാക്കാളും മമതയെ അനുഗമിക്കും. ബംഗാളിൽനിന്നുള്ള 205 പേരെ ഒഡീഷയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കട്ടക്കിലെ ആശുപത്രിയിലുള്ള 33 പേർ ഗുരുതരാവസ്ഥയിലാണെന്നും മമത വിശദീകരിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡാർജിലിങ്ങിലേക്കുള്ള നാലുദിവസത്തെ യാത്ര ഇന്നു രാവിലെ മമത വേണ്ടെന്നുവച്ചിരുന്നു.