വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പകളോടും ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസിൽ പുനസംഘടനയ്‌ക്ക് സാധ്യതയുള്ളതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ചുമതല വഹിക്കുന്ന പ്രിയങ്ക ഉന്നത സ്ഥാനത്തേയ്‌ക്ക് വരുമെന്നാണ് കരുതുന്നത്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിനെയും രാജസ്ഥാനടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളെയും മുന്നിൽ കണ്ടുകൊണ്ടുള്ള പുനസംഘടനയുടെ ഭാഗമായാണ് ഇതെന്നും വിശ്വസിക്കുന്നു. എന്നാൽ പ്രിയങ്കയുടെ സ്ഥാനലബ്ധി കോൺഗ്രസിന് എത്രകണ്ട് ഗുണകരമാകുമെന്ന് സംശയമാണ്. തിരഞ്ഞെടുപ്പ് വേദികളിൽ എത്താറുണ്ടെങ്കിലും പ്രിയങ്കയെ സജീവമായി കാണാറില്ല എന്നതാണ് കാരണം. രാഷ്‌ട്രീയ ഇടങ്ങളിൽ പലപ്പോഴും പ്രിയങ്കയുടെ പേരിന് ശക്തി കുറവാണ്.
ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നെങ്കിലും പ്രിയങ്കയ്‌ക്ക് ചുമതയിൽ കാര്യമായൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല. കോൺഗ്രസും പ്രിയങ്കയും ഉത്തർപ്രദേശിൽ അപ്രസക്തമായി പോയി എന്ന വിലയിരുത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും പ്രിയങ്കയെ ചുമതല നൽകി ഉയർത്തിക്കൊണ്ടു വരാനാണ് തീരുമാനം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും മത്സരിക്കാൻ സാധ്യതയുള്ളതിനാൽ ഉറപ്പുള്ള മണ്ഡലങ്ങളാകും പ്രിയങ്കയ്‌ക്ക് വേണ്ടി കോൺഗ്രസ് മാറ്റി വെയ്‌ക്കുക.
പുതിയ ചുമതലയിൽ എത്തുന്ന പ്രിയങ്ക അഭിമുഖികരിക്കേണ്ടി വരുന്നത് വലിയ വെള്ളുവിളികളെയാണ്. കോൺഗ്രസ് ഭരണമുള്ള രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉൾപാർട്ടിപോരാണ് അതിൽ ഏറ്റവും വലുത്. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പദവി ഉയർത്തി നൽകി പ്രിയങ്കയെ പാർട്ടിമുഖമായി കാണിച്ചാൽ തന്നെ കോൺഗ്രസിനെ കരകയറ്റുക എന്നത് അത്ര വേഗം സാധിക്കുന്ന ഒന്നായിരിക്കില്ല. 2023ൽ രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രിയങ്കയുടെ വരവ് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കരുതുന്നത്.
ചുമതലയുണ്ടെങ്കിലും പ്രവർത്തനങ്ങളിൽ സജീവമല്ലെന്നുള്ളത് പ്രിയങ്കയ്‌ക്ക് ദോഷം ചെയ്യും. ഒപ്പം ഭർത്താവ് റോബർട്ട് വദ്രയുടെ പേരിലുള്ള കേസുകളും പ്രിയങ്കയുടെ പ്രതിഛായക്ക് മങ്ങൽ ഏൽപ്പിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും പ്രിയങ്കയുടെ വരവ് കോൺഗ്രസിനെ വീഴ്ചകളിൽ നിന്നും കരകയറ്റുമെന്നാണ് നേതൃത്വത്തിന്റെ ധാരണ. എന്നാൽ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് മാത്രമേ പ്രിയങ്കയ്‌ക്ക് കോൺഗ്രസിന് ഉയർത്തികൊണ്ടുവരാൻ സാധിക്കു എന്നതാണ് ശ്രദ്ധേയം.