തിരുവനന്തപുരം : കെഎസ്‌യു ഉയര്‍ത്തിയ ആരോപണം തത്സമയം റിപ്പോര്‍ട്ട് ചെയ്ത ന്യൂസ് റിപ്പോർട്ടര്‍ അഖിലാ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തതിൽ ഇടതുമുന്നണിയിൽ ഭിന്നത. സർക്കാർ നടപടിയിൽ കനത്ത പ്രതിഷേധം രേഖപ്പെടുത്തിയ സിപിഐ നേതാവ് സി ദിവാകരൻ, റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാർ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ലെന്നും തുറന്നടിച്ചു.
‘മാധ്യമ സ്വാതന്ത്ര്യം ഇടതുമുന്നണിയുടെ പ്രഖ്യാപിത നയമാണെന്നിരിക്കെ, മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി അംഗീകരിക്കാനാകില്ല. വിമർശനങ്ങൾ ഉൾക്കൊള്ളാൻ നല്ല ഭരണാധികാരികൾക്ക് കഴിയണം. പൊലീസ് നടപടിയോട് സിപിഐ യോജിക്കുന്നില്ല. ആരുടേയോ പ്രീതി പിടിച്ച് പറ്റാൻ പൊലീസ് കുത്തിത്തിരിപ്പ് നടത്തുകയാണ്’. സര്‍ക്കാര്‍ നടപടിയിലെ വിയോജിപ്പ് അനുയോജ്യമായ വേദിയിൽ പറയുമെന്നും സി ദിവാകരൻ വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും സി ദിവാകരൻ വിമര്‍ശിച്ചു. ഇനിയും കേസെടുക്കുമെന്ന് എംവി ഗോവിന്ദൻ പറയുമെന്ന് വിശ്വസിക്കുന്നില്ല. എന്ത് സാഹചര്യത്തിലാണ് അത്തരമൊരു പരാമർശം സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നത് മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്‌യു ഉയര്‍ത്തിയ ആരോപണം തത്സമയം റിപ്പോര്‍ട്ട് ചെയ്ത ന്യൂസ് റിപ്പോർട്ടര്‍ അഖിലാ നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ന്യായീകരിച്ചിരുന്നു. സര്‍ക്കാര്‍-എസ്എഫ്ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കുമെന്ന് തുറന്നടിച്ച ഗോവിന്ദൻ, സര്‍ക്കാരിന്റെ മാധ്യമ പ്രവര്‍ത്തകക്കെതിരായ നീക്കത്തെ കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും പറഞ്ഞു.
കഴിഞ്ഞ ജൂൺ ആറിനാണ് മഹാരാജാസ് കോളേജിൽ വ്യാജരേഖാ കേസിലെ കെഎസ്‌യു പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ അഖില പോയത്. ആ സമയത്ത് കെഎസ്‌യു പ്രവർത്തകർ പ്രിൻസിപ്പലുമായി സംസാരിക്കുന്ന മുറിയിലേക്ക് അഖില പ്രവേശിക്കുകയും ഇവിടെ വെച്ച് പ്രിൻസിപ്പലിന്റെയും കെഎസ്‌യു പ്രവർത്തകരുടെയും തത്സമയ പ്രതികരണം അഖില തേടുകയും ഉണ്ടായി. ഈ ഘട്ടത്തിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ഉന്നയിച്ച പി എം ആർഷോക്കെതിരായ മാർക്ക് ലിസ്റ്റ് ആരോപണം, രാഷ്ട്രീയ ആരോപണമെന്ന നിലയിലാണ് അഖില റിപ്പോർട്ട് ചെയ്തത്. ഈ സംഭവത്തിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.