മനില: 120 യാത്രക്കാരുമായി സഞ്ചരിച്ച ഫിലിപ്പീൻസ് കപ്പലിന് കടലിൽ വച്ച് തീപിടിച്ചു. എം/വി എസ്പെറൻസ സ്റ്റാർ എന്ന കപ്പലിനാണ് തീപ്പിടിച്ചത്. സിക്വിജോർ പ്രവിശ്യയിൽ നിന്ന് സെൻട്രൽ ഫിലിപ്പീൻസിലെ ബോഹോൾ പ്രവിശ്യയിലേക്ക് പോകുന്നതിനിടയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
കപ്പലിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും ആളപായമില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. രക്ഷപ്പെട്ടവരെ ബോഹോൾ പ്രവിശ്യയിലെ തുറമുഖ നഗരമായ ടാഗ്ബിലറനിലേക്ക് കൊണ്ടുവന്നുവെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. എന്നാൽ, കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
കപ്പലിന്റെ ഒരു ഭാഗത്തുള്ള രണ്ട് ഡക്കുകളിൽ നിന്നായി തീയും കറുത്ത പുകയും ഉയരുന്നത് കോസ്റ്റ് ഗാർഡ് പുറത്തുവിട്ട ചിത്രങ്ങളിൽ കാണാം. സമീപത്തുള്ള മറ്റൊരു കപ്പലിൽ നിന്നാണ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ തീ അണയ്‌ക്കാനുള്ള ശ്രമം തുടരുന്നത്. ചിത്രങ്ങളിലോ ദൃശ്യങ്ങളിലോ കപ്പലിലുണ്ടായിരുന്നവരെ കാണാൻ കഴിഞ്ഞിട്ടില്ല.
സുരക്ഷാ ചട്ടങ്ങൾ കൃത്യമായി പാലിക്കാത്തത്, നിരന്തരമുള്ള കൊടുങ്കാറ്റ് എന്നീ കാരണങ്ങളാൽ ഫിലിപ്പീൻ ദ്വീപസമൂഹത്തിൽ അപകടങ്ങൾ പതിവാണ്. കഴിഞ്ഞ മാർച്ചിൽ തെക്കൻ ദ്വീപ് പ്രവിശ്യയായ ബസിലനിൽ നിന്ന് 250 ആളുകളുമായി സഞ്ചരിച്ച ഒരു കപ്പലിലുണ്ടായ തീ പിടുത്തത്തിൽ യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 31 ആളുകളാണ് മരണപ്പെട്ടത്.1987 ഡിസംബറിൽ ഡോണ പാസ് എന്ന കപ്പൽ ഒരു ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് കടലിൽ മുങ്ങിയിരുന്നു. ആ ദുരന്തത്തിൽ 4,300ലധികം ആളുകള്‍ക്കാണ് ജീവൻ നഷ്ടമായത്.