തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിനുള്ളില്‍ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിലുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയും ശിരസ്സും കൈകളും പൂർണമായി മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ അനുമതി തേടിയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിന് കത്ത് നൽകി. 2020 എംബിബിഎസ് ബാച്ചിലെ ഒരു വിദ്യാർത്ഥിനി എഴുതിയ കത്തിൽ 2018, 2021, 2022 ബാച്ചുകളിലെ ആറു വിദ്യാർത്ഥിനികളുടെ ഒപ്പുമുണ്ട്.
ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ശിരസ്സ് മറയ്ക്കാൻ തങ്ങളെ അനുവദിക്കുന്നില്ലെന്നും മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും ഹിജാബ് നിർബന്ധമാണെന്നും കത്തിൽ പറയുന്നു. ” ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് മതപരമായ രീതിയിൽ വസ്ത്രങ്ങൾ ധരിക്കുന്നതിനൊപ്പം ഹോസ്പിറ്റൽ, ഓപ്പറേഷൻ റൂം ചട്ടങ്ങൾ പാലിക്കേണ്ടതുമുണ്ട്”- കത്തിൽ പറയുന്നു.
കത്ത് കിട്ടിയതായി കോളേജ് പ്രിൻസിപ്പൽ ഡോ. ലിനെറ്റ് ജെ മോറിസ് ടൈംസ് ഓഫ് ഇന്ത്യയോട് സ്ഥിരീകരിച്ചു. ”ഏറെ നേരെ ലോങ് സ്ലീവ് ധരിക്കുന്നത് പ്രായോഗികമല്ലെന്ന് ഞാൻ ആവരോട് പറഞ്ഞു. പ്രൊസീഡിയറിനിടയ്ക്ക് കൈമുട്ട് വരെ കഴുകേണ്ടിവരും. അണുവിമുക്തമായ അന്തരീക്ഷം ഉറപ്പാക്കാൻ നാം സാർവത്രികമായി അംഗീകരിച്ച രീതിയാണ് പിന്തുടരുന്നത്. അവരുടെ ആവശ്യങ്ങളിന്മേൽ തീരുമാനമെടുക്കാൻ എനിക്ക് കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. സർജൻമാരുടെയും അണുബാധ നിയന്ത്രണ വിദഗ്ധരുടെയും യോഗം ചേരും. രോഗികളുടെ സുരക്ഷയ്ക്കാൻ പ്രഥമ പരിഗണന. ഞങ്ങൾ ഒരു കമ്മിറ്റി വിളിച്ചുചേർത്ത് ഇരുഭാഗങ്ങളും പരിശോധിക്കും, രോഗികളുടെ സുരക്ഷയ്ക്കായിരിക്കും പ്രാമുഖ്യം. അതിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല, ”- 32 വർഷമായി അനസ്തീഷ്യനായി പ്രവർത്തിക്കുന്ന ഡോ. മോറിസ് പറഞ്ഞു.
ചിക്കാഗോയിൽ ജനിച്ച് വളർന്ന ഒബ്‌സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ റസിഡന്റ് ഫിസിഷ്യൻ ഡോ. ദീന കിഷാവി നടത്തുന്ന ‘ഹിജാബ് ഇൻ ദി ഒആർ’ എന്ന വെബ്‌സൈറ്റിലേതിന് സമാനമാണ് കത്തിന്റെ ഉള്ളടക്കം. ഹിജാബ് ധരിക്കുന്ന സ്ത്രീകൾ ശസ്ത്രക്രിയയിൽ അഭിമുഖീകരിക്കുന്ന തടസ്സങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മുസ്ലീങ്ങൾക്കായി വൈദ്യശാസ്ത്രത്തിലെ വിദ്യാഭ്യാസ സാമഗ്രികൾ ഒരുക്കുന്നതിനുമായി 2018-ൽ സോഷ്യൽ മീഡിയയിൽ ഡോ കിഷാവി പോസ്റ്റ് ചെയ്തതും വെബ്‌സൈറ്റിന്റെ ഹോം പേജിൽ ലഭ്യമാക്കിയതുമായ ഒരു ലേഖനത്തിന് സമാനമാണ് ഉള്ളടക്കമെന്നും ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.
ബെയർ- ബിലോ- എൽബോ പോളിസിയും സാർവത്രിക മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് ആശുപത്രികളിലെ ഓപ്പറേറ്റിംഗ് റൂം വസ്ത്രധാരണ രീതി പിന്തുടരുന്നത്. വിദ്യാർത്ഥികളുടെ അഭ്യർത്ഥന ചൂണ്ടിക്കാട്ടിയപ്പോൾ സാർവത്രികമായ മാനദണ്ഡം പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് മുതിർന്ന ശസ്ത്രക്രിയാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
“ജാതി, മതം എന്നിവ കണക്കിലെടുക്കാതെ ലോകമെമ്പാടും പിന്തുടരുന്ന ഒരു സ്റ്റാൻഡേർഡ് സിസ്റ്റവും സമ്പ്രദായങ്ങളും നമുക്കുണ്ട്. മതത്തെ മെഡിക്കൽ രംഗത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കരുത്. നേരത്തെ, കന്യാസ്ത്രീകൾ തീയറ്ററുകളിൽ അവരുടെ മതപരമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും അവർ പരമ്പരാഗത ശസ്ത്രക്രിയാ വസ്ത്രധാരണത്തിലേക്ക് പോയി. അണുവിമുക്തമായ ഒരു ഓപ്പറേറ്റിംഗ് റൂം ഉറപ്പാക്കാൻ നാം പിന്തുടരുന്ന തത്വങ്ങളിൽ വെള്ളം ചേർക്കരുത് ”- ഡോ. പി രാജൻ (ഗവ. മെഡിക്കൽ കോളേജിലെ എമിറെറ്റസ് ഓഫ് സർജറി) പറഞ്ഞു.