തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പനി മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് ഒരാളും തൃശൂരിൽ രണ്ടുപേരുമാണ് മരിച്ചത്. തൃശൂര്‍ രണ്ട് സ്ത്രീകള്‍ പനിബാധിച്ച് മരിച്ചു. കുര്യച്ചിറ സ്വദേശി അനീഷ സുനില്‍ (34), നാട്ടികയില്‍ ജോലി ചെയ്യുന്ന ബംഗാളി സ്വദേശി ജാസ്മിൻ ബീബി(28) എന്നിവരാണ് പനി ബാധിച്ച് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് ഇരുവരും മരിച്ചത്. ഇരുവര്‍ക്കും എലിപ്പനിയാണെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരത്ത് ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. കല്ലറ പാങ്കാട് ആർ ബി വില്ലയിൽ കിരൺ ബാബു (26)ആണ് മരിച്ചത്. ബാബു, രഞ്ജി ദമ്പതികളുടെ മകനാണ് മരിച്ച കിരൺ. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആണ് മരണം സംഭവിച്ചത്. അർജുൻ സഹോദരനാണ്.
അതേസമയം സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. ഇന്നലെ പനി ബാധിച്ച് 12,965 പേരാണ് ചികിത്സ തേടിയത്. ഇതില്‍, 96 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത്. മലപ്പുറത്ത് കഴിഞ്ഞ ദിവസം അച്ഛനും മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. പൊന്നാനി സ്വദേശികളായ 70 കാരനും 44 വയസുളള മകനുമാണ് മരിച്ചത്. പൊന്നാനി സ്വദേശികളായ വാസു, സുരേഷ് എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു. ഏഴംകുളം ഈട്ടിമൂട് സ്വദേശിനി ആര്യ ആണ് മരിച്ചത്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെയാണ് ആര്യ ചികിത്സ തേടിയത്. വയനാട്ടിലും ഇന്നലെ പനി മരണം റിപ്പോർട്ട് ചെയ്തു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകൻ മൂന്ന് വയസ്സുകാരൻ നിഭിജിത്താണ് മരിച്ചത്.