യൂത്ത് കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കി, ഡിസിസി പ്രസിഡന്റിന് വക്കീല്‍ നോട്ടീസ് അയച്ച് സദ്ദാം ഹുസൈന്‍. ഷാഫി പറമ്പിലിനെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ പാർട്ടി പ്രവർത്തകരിൽ നിന്ന് തന്നെ നേരിടുന്നത് വലിയ ആക്രമണമാണെന്നും സദ്ദാം ഹുസൈൻ പറഞ്ഞു.
തനിക്കെതിരായ സസ്പെന്‍ഷന്‍ നടപടി മാനഹാനി ഉണ്ടാക്കിയെന്നും ചെയ്യാത്ത കുറ്റത്തിനാണ് നടപടിയെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്. 72 മണിക്കൂറിനകം നടപടി പിന്‍വലിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ഷാഫി പറമ്പിലിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ചാണ് മണ്ഡലം പ്രസിഡന്റായിരുന്ന സദ്ദാമിനെ പുറത്താക്കിയത്. സദ്ദാം ഹുസൈന്‍ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്നായിരുന്നു ഡിസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ തന്റെ നോമിനേഷന്‍ ഷാഫി മനപൂര്‍വ്വം തള്ളിയെന്നും ഇത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രവണതയാണെന്നുമായിരുന്നു സദ്ദാം ആരോപിച്ചത്.ബിജെപിയിലെ ഉന്നത നേതാക്കളുമായി ഷാഫി പറമ്പിലിന് രഹസ്യ ബന്ധമുണ്ടെന്ന് സദ്ദാം ഹുസൈന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സദ്ദാം ഹുസൈനെതിരായ നടപടി.