തിരുവനന്തപുരം: കോതമംഗലത്ത് കുലച്ച വാഴകള്‍ കെഎസ്ഇബി വെട്ടി നശിപ്പിച്ച സംഭവത്തിൽ കർഷകന് മൂന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കൃഷിമന്ത്രി പി പ്രസാദും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. കെവി ലൈൻ കടന്നുപോകുന്ന തോട്ടത്തിലെ 416 വാഴകളായിരുന്നു യാതൊരു മുന്നറിയിപ്പും കൂടാതെ കെഎസ്ഇബി മുറിച്ചുമാറ്റിയത്. കർഷകന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി വൈദ്യുതി മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് വിളിച്ച യോഗത്തിലാണ് നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനമായത്.
മൂലമറ്റത്ത് നിന്നും എത്തിയ കെഎസ്ഇബി ജീവനക്കാരാണ് വാഴ വെട്ടിമാറ്റിയത്. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന് താഴെയാണ് വാഴ നട്ടിരിക്കുന്നത് എന്നതിനാലാണ് വെട്ടിമാറ്റിയത് എന്നായിരുന്നു കെഎസ്ഇബി അറിയിച്ചത്. കര്‍ഷകനെ അറിയിക്കാതെയായിരുന്നു നടപടി. ഓണവിപണി ലക്ഷ്യം വെച്ച് കൃഷി ചെയ്ത 400ല്‍ അധികം വാഴകളാണ് വെട്ടിനശിപ്പിച്ചത്. മൂന്നാഴ്ച്ചയ്ക്കകം വെട്ടാനിരിക്കുന്ന കുലകളായിരുന്നു ഇത്. തോമസ് എന്ന കര്‍ഷകന്റെ തോട്ടത്തിലെ വാഴകളാണ് നശിപ്പിച്ചത്.
‘ഒരു മാസം കഴിഞ്ഞ് വെട്ടാനിരിക്കുന്ന വാഴകളായിരുന്നു. വാഴ വെട്ടുന്ന കാര്യം എന്നെ കെഎസ്ഇബി അറിയിച്ചിരുന്നില്ല. 50 വര്‍ഷമായി ഈ ഭൂമിയില്‍ കൃഷി ചെയ്യുന്നുണ്ട്. ഇതുവരേയും ഒന്നും സംഭവിച്ചിട്ടില്ല. വാഴകൈ മാത്രം വെട്ടിയാല്‍ മതിയായിരുന്നു. ഒന്ന് പറഞ്ഞാല്‍ മതിയായിരുന്നു.’ കര്‍ഷകനായ തോമസ് റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു. തനിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും കര്‍ഷകന്‍ ആവശ്യപ്പെട്ടിരുന്നു.