ന്യൂഡൽഹി: കളമശ്ശേരിയിൽ യഹോവ സമ്മേളനത്തിനിടെ സ്‌ഫോടനം നടന്ന സംഭവത്തിൽ അന്വേഷണം ശക്തമാക്കി കേന്ദ്രം. സ്‌ഫോടനത്തിന് കാരണമായ വസ്തുക്കൾ ശേഖരിക്കുന്നതിനും അന്വേഷിക്കുന്നതിനുമായി നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എൻഎസ്ജി) ഒരു സംഘം ഡൽഹിയിൽ നിന്നും കേരളത്തിലെത്തും. ഇന്ന് വൈകുന്നേരത്തോടെ സംഘം എത്തിയേക്കും.
സംസ്ഥാനത്ത് ഇന്ന് നടന്ന ഉഗ്ര സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 35-ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബോംബ് സ്‌ഫോടനം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി എട്ടംഗ എൻഎസ്ജി ടീം ആണ് കേരളത്തിലേക്ക് എത്തുന്നത്. ഇന്ന് വൈകുന്നേരത്തോടെ സംഘം സ്‌ഫോടനം നടന്നിടത്ത് എത്തുമെന്നാണ് പ്രാഥമിക വിവരം.
എൻഎസ്ജി മേധാവി എംഎ ഗണപതിയുടെ നിർദ്ദേശത്തിന്മേലാണ് നടപടി. സ്‌ഫോടക വസ്തുക്കളെ കുറിച്ച് വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരും ഡോഗ്‌സും ഉൾപ്പെട്ട ബോംബ് നിർമ്മാർജ്ജന സംഘത്തെയാണ് കേരളത്തിലേക്ക് അയച്ചിരിക്കുന്നത്.