തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റാരോപിതനായ ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗനെതിരെ നടപടിക്കൊരുങ്ങി സിപിഐ. പാർട്ടി അംഗത്വത്തിൽ നിന്ന് ഭാസുരാംഗനെ പുറത്താക്കിയേക്കും. നാളെ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് വിളിച്ചു ചേർത്തിട്ടുണ്ട്. ഭാസുരാംഗനെതിരായ നടപടി നാളത്തെ എക്സിക്യൂട്ടീവ് തീരുമാനിക്കും. ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്ന ഭാസുരാംഗനെ നേരത്തെ പ്രാഥമിക അംഗത്വത്തിലേക്ക് തരം താഴ്ത്തിയിരുന്നു. നാളെ നടപടി ആലോചിക്കുമെന്ന് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ വ്യക്തമാക്കി.
അതേസമയം, കസ്റ്റഡിയിലെടുത്ത ഭാസുരാംഗനെ ഇ ഡി ചോദ്യം ചെയ്യുകയാണ്. ഭാസുരാംഗന്റെ രണ്ട് ഫോണുകൾ ഇഡി പിടിച്ചെടുത്തു. രേഖകൾ നിരത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാവിലെ മുതൽ കണ്ടല ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തി. റിപ്പോർട്ടർ ടിവിയാണ് കണ്ടല ബാങ്കിലെ കോടികളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. കണ്ടല ബാങ്കില്‍ നടന്ന അഴിമതിയെക്കുറിച്ചുള്ള വാര്‍ത്താ പരമ്പര റിപ്പോര്‍ട്ടര്‍ ടി വി സംപ്രേഷണം ചെയ്തിരുന്നു.
101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ് കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. എന്‍ ഭാസുരാംഗന്‍ നേരത്തെ ക്ഷീരയിലും അഴിമതി നടത്തിയിരുന്നു. ക്ഷീര പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
നിലവില്‍ മില്‍മ തെക്കന്‍ മേഖല അഡ്മിനിസ്‌ട്രേറ്ററാണ് സിപിഐ നേതാവായ ഭാസുരാംഗന്‍. ക്രമക്കേടില്‍ ഇ ഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. നൂറുകണക്കിന് ആളുകളാണ് നിക്ഷേപം തിരിച്ചുകിട്ടാതെ കഷ്ടപ്പെട്ടത്. വ്യാജ വായ്പയും അനധികൃത നിയമനവും ഉള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ ആണ് ബാങ്കില്‍ നടന്നത്.