കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 100ന് 10 രൂപ നിരക്കില്‍ പി സതീഷ് കുമാര്‍ പലിശ ഈടാക്കിയെന്നും ഇഡി പറയുന്നു.
സിപിഐഎം നേതാവ് എം കെ കണ്ണനെതിരെയും മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍, വ്യാപാരി വ്യവസായി സമിതി നേതാവ് ബിന്നി ഇമ്മട്ടി തുടങ്ങിയവര്‍ക്ക് എതിരെയും മൊഴിയുണ്ട്. മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ വസ്തു തര്‍ക്കത്തില്‍ ഇടനിലക്കാരനായി പണം കൈപ്പറ്റിയെന്നും പി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി കോടതിയെ അറിയിച്ചു.
പി സതീഷ് കുമാറിന് വേണ്ടി വസ്തു തര്‍ക്കത്തില്‍ എസ് സുരേന്ദ്രന്‍ ഇടനിലക്കാരനായി പണം കൈപ്പറ്റിയെന്നും ഇഡി പ്രത്യേക കോടതിയില്‍ വാദമുയര്‍ത്തി. പി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് മുഖ്യസാക്ഷി കെ എ ജിജോറിന്റെ മൊഴി ഇഡി കോടതിയില്‍ വായിച്ചത്. പി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രത്യേക പിഎംഎല്‍എ കോടതി നാളെയും വാദം കേള്‍ക്കും.
കരുവന്നൂര്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ രേഖകള്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയും കോടതി നാളെ പരിഗണിക്കും. പി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായ ശേഷം ജില്‍സിന്റെ ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കും.