അനധികൃത സ്വത്ത് സമ്പാദനത്തില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനെതിരെ പരാതി. വിഷയം ഗൗരവമുള്ളതാണെന്നു കണ്ടതോടെ അന്വേഷണ കമ്മിഷനെ സിപിഐ സംസ്ഥാന ഘടകം നിയോഗിച്ചു. അടൂരില്‍ ആറു കോടിയുടെ ഫാം സ്വന്തമാക്കിയെന്ന ആക്ഷേപത്തിലാണ് പരിശോധന. എ.പി. ജയൻ്റെയും അദ്ദേഹത്തിൻ്റെ ബിസിനസ് പങ്കാളിയുടെയും പേരിലാണ് ഫാം.
എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. തെളിവു സഹിതമാണ് പരാതി നൽകിയതെന്നാണ് വിവരം. ഏറേ നാളുകൾ മുൻപ് പരാതി നൽകിയെങ്കിലും ഗൗരവമായി കണ്ടില്ല എന്ന ആരോപണവും ഉണ്ട്.
സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയനെതിരെ പാർട്ടിയ്ക്കുള്ളിൽ തന്നെ എതിർപ്പുകൾ ധാരാളമുണ്ട്. ഇതിൻ്റെ ഭാഗമായി ഉയർന്നു വന്ന ആരോപണമാണ് ഇതെന്നാണ് എ.പി.ജയൻ അനുകൂലികൾ പറയുന്നത്. എന്നാൽ എ.പി.ജയൻ്റെത് ഏകാധിപത്യ പ്രവണതകളാണെന്ന് ആരോപിച്ച് നിരവധി നേതാക്കൾ നേരത്തെയും സംസ്ഥാന കമ്മിറ്റിയെ സമീപിച്ചിരുന്നു.
എ.പി.ജയനെതിരെ വിമർശിച്ചതിനാൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആകുമെന്ന് പ്രഖ്യാപനം വരെ ഉണ്ടായ ശ്രീനാദേവി കുഞ്ഞമ്മയെ മണ്ഡലം കമ്മറ്റിയിലേക്ക് പോലും പരിഗണച്ചില്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. സിപിഐ സമ്മേളനത്തിനിടെ തന്നെ എ പി ജയനെതിരെ സംസ്ഥാന നേതൃത്വത്തിന് ശ്രീനാദേവി കുഞ്ഞമ്മ പരാതി നൽകിയിരുന്നു. സമ്മേളനങ്ങളിൽ അവഗണിച്ചെന്നും മണ്ഡലം സമ്മേളനത്തിൽ പോലും തന്നെ പ്രതിനിധി ആക്കിയില്ലെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മ അന്ന് പരാതി നൽകിയത്.
ജില്ലാ കൗൺസിലിലേക്ക് മത്സരിക്കാൻ അനുമതി നിഷേധിച്ചുവെന്നും ജില്ലാ സെക്രട്ടറിയുടെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതിലുള്ള പ്രതികാര നടപടിയാണിതെന്നും പരാതിയിൽ അന്ന് പറഞ്ഞിരുന്നു.