ദില്ലി:ആം ആദ്മി ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ സാഹചര്യത്തില്‍ ദില്ലി മേയര്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചു.പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് മുൻപ് നാമനിർദേശം ചെയ്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തിയതിനെതിരെ ആപ് കൌൺസിലർമാർ പ്രതിഷേധിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് മേയർ വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുക്കപ്പെട്ട കൊൺസിലർമാർ കൂടാതെ പത്തംഗങ്ങളെ ലഫ്. ഗവർണർക്ക് നാമ നിർദേശം ചെയ്യാം. താത്ക്കാലിക സ്പീക്കറായി ലഫ് ഗവർണർ നിയമിച്ച സത്യ ശർമ്മ ആദ്യം സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകിയത് നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കായിരുന്നു. അതോടെ ആപ് പ്രതിഷേധ മുദ്രാവാക്യമുയർത്തി.
ബിജെപി അംഗങ്ങളും ആപ് അംഗങ്ങളും തമ്മിൽ ഉന്തും തള്ളുമായതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ പിരിഞ്ഞു പോവാൻ തയ്യാറാവാതെ ആപ് കൗൺസിലർമാർ സിവിൽ സെൻററിനുള്ളിൽ പ്രതിഷേധം തുടരുകയായിരുന്നു. മേയര്‍ തിരഞ്ഞെടുപ്പിന്‍റെ പ്രിസൈഡിംഗ് ഓഫീസറായി ബിജെപി കൗണ്‍സിലര്‍ സത്യ ശര്‍മ്മയെ നിമയിച്ചത് മുതൽ തന്നെ ആപ് ബിജെപി തർക്കം രൂക്ഷമായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് ഇന്ന് നടന്ന സംഘർഷവും. ആപ്പിന്റെ സ്ഥാനാർത്ഥിയായി ഷെല്ലി ഒബ്റോയ് ബിജെപി സ്ഥാനാർത്ഥിയായി രേഖ ഗുപ്ത എന്നിവരാണ് മേയര്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ആം ആദ്മി പാർട്ടി നടത്തുന്നത് ഗുണ്ടായിസമെന്ന് ബിജെപി നേതാവ് മനോജ് തിവാരി പറഞ്ഞു. ആപ് തെരഞ്ഞെടുപ്പിനെ ഭയക്കുന്നു.ലെഫ് ഗവർണർ അംഗങ്ങളെ നാമനിർദേശം ചെയ്തതിൽ പ്രതിഷേധം ഉണ്ടെങ്കിൽ കോടതിയിൽ പോകണം.വോട്ടെടുപ്പിന് തങ്ങൾ തയ്യാറായിട്ടും ആപ്പ് സംഘർഷം ഉണ്ടാക്കി എന്ന് മനോജ് തിവാരി പറഞ്ഞു.
ലെഫ് ഗവർണർ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നു എന്ന് ആപ് നേതാവ് അതിഷി സിംഗ് കുറ്റപ്പെടുത്തി.ജനങ്ങൾ ഭരണത്തിൽ നിന്നും പുറംതള്ളിയിട്ടും ബിജെപി കടിച്ചു തൂങ്ങി നിൽക്കുകയാണ്. ആപ്പിനെ ഭരിക്കാൻ അനുവദിക്കുന്നില്ലെന്നും അതിഷി പറഞ്ഞു