ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും. പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക. നരബലി കേസിൽ കുറ്റപത്രം സമർപ്പിക്കേണ്ട സമയപരിധി ഈ ആഴ്ച്ച അവസാനിക്കാനിരിക്കെയാണ് നാളെ കുറ്റപത്രം സമർപ്പിക്കുന്നത്.
ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസിൽ മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. ഇലന്തൂരിൽ പാരമ്പര്യ ചികിത്സ നടത്തിവന്നിരുന്ന ഭഗവൽ സിംങ്, ഭാര്യ ലൈല എന്നിവർ മൂന്നാം പ്രതികളുമാണ്. കേസിൽ മൂന്ന് പ്രതികളുടേയും കുറ്റം തെളിയിക്കുന്നതിനായുള്ള മുഴുവൻ തെളിവുകളും ശേഖരിച്ചിട്ടുണ്ട്.
കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ഗൂഢാലോചന , മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുളളത്. കൊലപ്പെടുത്തിയ ശേഷം പ്രതികൾ മനുഷ്യ മാംസം കറിവച്ച് കഴിച്ചതിനാല്‍ അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.