തിരുവനന്തപുരം: യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ പരാതി. യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്. സിവിൽ കോടതിയുടെ അധികാരമുള്ള അർധ ജുഡീഷ്യൽ സ്ഥാപനമായ യൂത്ത് കമ്മിഷന്റെ അധ്യക്ഷ സിപിഎമ്മിന്റെ പരിപാടികളിൽ പങ്കെടുക്കുന്നത് നിയമപരമായി ശരിയല്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് പരിപാടിയിലും നിരവധി പാര്‍ട്ടി പരിപാടികളിലും ചിന്താ ജെറോം പങ്കെടുത്തു. ഇത് കമ്മിഷന്റെ സുതാര്യമായ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്. കമ്മിഷൻ എന്തു ലക്ഷ്യത്തിനായാണോ രൂപീകരിച്ചത് അതിന് എതിരായ വഴിയിലാണ് കമ്മിഷൻ അധ്യക്ഷയുടെ പ്രവർത്തനമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ചിന്തയ്ക്കു സർക്കാർ തൽക്കാലം ശമ്പളക്കുടിശിക നൽകില്ല. 18 മാസത്തെ കുടിശികയായ 9 ലക്ഷം രൂപ നൽകാൻ ധനവകുപ്പ് അനുമതി നൽകിയെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തുടർനടപടി സ്വീകരിക്കേണ്ടെന്നാണ് തീരുമാനം. അതിനാൽ ഉത്തരവും ഇറക്കിയിട്ടില്ല. ചിന്താ ജെറോമിന് ശമ്പളക്കുടിശിക നൽകിയാൽ യുഡിഎഫ് കാലത്ത് നിയമിച്ച യൂത്ത് കോൺഗ്രസ് നേതാവ് ആർ.വി.രാജേഷിനും കുടിശിക നൽകേണ്ടി വരും.