തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. മതപരമായ ആചാരങ്ങളെ ഒഴിവാക്കി ഭേദഗതികളോടെ കരട് ബിൽ നിയമവകുപ്പ്, ആഭ്യന്തര വകുപ്പ് വഴി മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയ്ക്ക് അയച്ചു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാൽ മന്ത്രിസഭ ചർച്ച ചെയ്തശേഷം നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തും.
ബില്ലിലെ വ്യവസ്ഥകൾ മതാചാരങ്ങളെ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. തുടർന്നാണ് വിവിധ മതങ്ങളിലെ ആചാരങ്ങളെ പരിശോധനയ്ക്കുശേഷം ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത്. അഗ്നിക്കാവടി, കുത്തിയോട്ടം, തൂക്കം അടക്കമുള്ള ആചാരങ്ങളെ ഒഴിവാക്കണമെന്നാണ് നിയമവകുപ്പിന്റെ ശുപാർശ.