തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി പരിഷ്കാരം ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ചില മേഖലകളിൽ വർഷങ്ങളായി നികുതി കൂട്ടിയിട്ടില്ല. അത് കാലോചിതമായി പരിഷ്കരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. പ്രൊഫഷണൽ ടാക്സ് കൂട്ടുമെന്ന സൂചനയാണ് മന്ത്രി നല്‍കിയത്.
കേരളത്തില്‍ ധന പ്രതിസന്ധിയുണ്ടെന്നും മന്ത്രി പറഞ്ഞു. പക്ഷേ സംസ്ഥാനത്ത് കടക്കെണിയില്ല. സാമ്പത്തിക വളർച്ചയുള്ള സംസ്ഥാനമാണ് കേരളം. കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുകയാണ്. അർഹമായ പണം നൽകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും സമഗ്രമായ ജി.എസ്.ടി വകുപ്പ് പരിഷ്കരണം നടന്നത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു. മൂന്ന് വിഭാഗമായാണ് പുനഃസംഘടന- ടാക്സ് ചെയർ സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, എൻഫോഴ്സ്മെന്‍റ് ആന്‍റ് ഇന്‍റലിജൻസ് വിഭാഗം. വ്യാപാരികൾ സമർപ്പിക്കുന്ന ജി.എസ്.ടി രജിസ്ട്രേഷൻ അപേക്ഷയുടെ പരിശോധന ഇനി മുതൽ കേന്ദ്രീകൃത രജിസ്ട്രേഷൻ യൂണിറ്റിൽ നിന്നാണെന്നും മന്ത്രി പറഞ്ഞു.
എം.എൽ.എമാരിൽ നിന്ന് കിഫ്ബി നിർദേശം വാങ്ങാറില്ലെന്നും മന്ത്രി വിശദീകരിച്ചു. കിഫ്ബി പദ്ധതികൾക്ക് മുടക്കം വന്നിട്ടില്ലെന്നും മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.