ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഖ്യചർച്ചകൾക്ക് ചൂടേറിയിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കേന്ദ്രതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസടക്കമുള്ള പ്രധാന പ്രതിപക്ഷ പാർട്ടികളും ഭരണപക്ഷമായ ബിജെപിയും കാണുന്നത്. അതേസമയം തങ്ങളുടെ നഷ്ടപ്പെട്ട തട്ടകങ്ങൾ വീണ്ടെടുക്കാനുള്ള ജീവൻമരണ പോരാട്ടത്തിലാണ് സിപിഎമ്മടക്കമുള്ള കക്ഷികൾ. സിപിഎമ്മിന്റെ ഭരണത്തിലുണ്ടായിരുന്ന ത്രിപുര ഏതുവിധേനയും ബിജെപിയിൽ നിന്ന് വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് അവർ. അതിനായി സിപിഎമ്മും കോൺഗ്രസും ത്രിപുരയിൽ സഖ്യത്തിലായിരിക്കുകയാണ്. 2021ൽ വെസ്റ്റ് ബംഗാളിൽ പരീക്ഷിച്ച് പാളിപ്പോയ സഖ്യം വഴി സംസ്ഥാനത്ത് ബിജെപിയെ പുറത്താക്കാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. 1993 മുതൽ ത്രിപുരയിൽ സി.പി.എമ്മാണ് ഭരിച്ചിരുന്നത്. എന്നാൽ 2018ൽ സിപിഎമ്മിന് സംസ്ഥാന ഭരണം നഷ്ടപ്പെടുകയായിരുന്നു.
2018ൽ ത്രിപുരയിലെ 60 സീറ്റുകളിൽ 33 എണ്ണത്തിൽ ബിജെപി വിജയിച്ചിരുന്നു. ഇൻഡീജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി)-4, സിപിഎം -15, കോൺഗ്രസ് -1 എന്നിങ്ങനെയാണ് ഇതര കക്ഷി നില. ആറു സീറ്റുകളിൽ ഒഴിഞ്ഞുകിടക്കുകയായിരുന്നു.
പാർട്ടിയുടെ വിജയത്തെ തുടർന്ന് ബിജെപിയുടെ ബിപ്ലവ് ദേവാണ് മുഖ്യമന്ത്രിയായത്. എന്നാൽ 2022ൽ ഇദ്ദേഹത്തെ പാർട്ടി നീക്കുകയായിരുന്നു. മോശം പ്രകടനത്തെ തുടർന്നായിരുന്നു നടപടി. പിന്നീട് ഡോ. മാണിക് സാഹയെ മുഖ്യമന്ത്രിയാക്കി. ഐപിഎഫ്ടിയുമായുള്ള ബന്ധത്തിലടക്കം ഇദ്ദേഹം നിരവധി വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഈയടുത്ത് സംസ്ഥാനം സന്ദർശിച്ചിരുന്നു.
ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായാണ് നടക്കുന്നതെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചത്. ത്രിപുരയിൽ ഫെബ്രുവരി 16നും നാഗാലാൻഡ് -മേഘാലയ എന്നിവിടങ്ങളിൽ ഫെബ്രുവരി 27നും സംസ്ഥാന തെരഞ്ഞെടുപ്പുകൾ നടക്കും. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ നടക്കുക.
അതേസമയം, ക്രിമിനൽ കേസിൽപ്പെട്ട് എംപി അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് ഇവിടെ തെരഞ്ഞെടുപ്പ്. വധശ്രമക്കേിൽ പെട്ടതിനെ തുടർന്നാണ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. അരുണാചൽ, ജാർഖണ്ഡ്, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ഓരോ നിയമസഭാ സീറ്റിലും മഹാരാഷ്ട്രയിലെ രണ്ട് സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കും.