ന്യൂഡൽഹി: ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തിൽ ഫെബ്രുവരി 27-ന് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ട് മുൻ എം.പി മുഹമ്മദ് ഫൈസൽ സുപ്രിംകോടതിയിൽ. വിചാരണക്കോടതി വിധിക്കെതിരെ താൻ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെ തിരക്കിട്ട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകർ ആവശ്യപ്പെടും. സീനിയർ അഭിഭാഷകനായ കപിൽ സിബൽ, അഭിഭാഷകനായ കെ.ആർ ശശിപ്രഭു എന്നിവരാണ് മുഹമ്മദ് ഫൈസലിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്നത്.
തനിക്കെതിരായ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്താൽ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം അയോഗ്യനാക്കിയ വിധി റദ്ദാകും. ഇത് സുപ്രിംകോടതി തന്നെ പല വിധികളിലും വ്യക്തമാക്കിയിട്ടുണ്ടെന്നും മുഹമ്മദ് ഫൈസലിന്റെ ഹരജിയിൽ പറയുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലാണ് മുഹമ്മദ് ഫൈസലിനെ 10 വർഷം തടവിന് ശിക്ഷിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയിരുന്നു. ഇന്നലെ ത്രിപുര, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ കൂടെയാണ് ലക്ഷദ്വീപിലെ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചത്.