ആലപ്പുഴ: പക്ഷിപ്പനിയുടെ വ്യാപനം തുടരുന്നതിനാല്‍ താറാവ് കര്‍ഷകരും വില്‍പ്പനക്കാരും പ്രതിസന്ധിയില്‍. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത് അഞ്ചിലധികം ഇടങ്ങളിലാണ്. ഇതിനെ തുടർന്ന് ജില്ലയിൽ പലഭാഗങ്ങളിലും താറാവ്, ഇറച്ചിക്കോഴി എന്നിവയുടെ വില്പനയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. കുട്ടനാട്ടിൽ കാവാലം ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. രണ്ടാഴ്ച മുമ്പ് കുട്ടനാട്ടിൽ ചമ്പക്കുളം പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. അതിന് മുമ്പ് കാർത്തികപ്പള്ളി, അമ്പലപ്പുഴ, ആലപ്പുഴ എന്നീ സ്ഥലങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
പക്ഷിപ്പനി സ്ഥിരീകരിക്കുന്ന പ്രദേശങ്ങളിൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴി – താറാവ് എന്നിയുടെ ഇറച്ചിക്കും മുട്ടയ്ക്കും താത്കാലികമായി നിരോധനം ഏർപ്പെടുത്താറുണ്ട്. എന്നാല്‍ പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകളുടെ പരിശോധന ഫലം എത്താൻ വൈകുന്നത് പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടർന്ന് പിടിക്കാൻ കാരണമാകുന്നു. സംസ്ഥാനത്ത് തിരുവല്ലയിലെ ബേർഡ് ഡിസീസ് ലാബിലാണ് ഇത് സംബന്ധിച്ച പ്രാഥമിക പരിശോധനകൾ നടക്കുക. എന്നാൽ കേന്ദ്ര സർക്കാർ മാനദണ്ഡമനുസരിച്ച് ഭോപ്പാലിലുള്ള ഹൈ സെക്യൂരിറ്റി ലാബിലെ പരിശോധനയ്ക്ക് ശേഷം മാത്രമേ പക്ഷിപ്പനി ഔദ്യോഗികമായി സ്ഥിരീകരിക്കാറൊള്ളൂ.
ഈ കാലതാമസം രോഗം കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നതിന് വഴി വെക്കും. ഒരു പ്രദേശത്ത് പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ കാണിക്കുമ്പോൾ സാമ്പിളെടുത്ത് നൽകി കഴിഞ്ഞാൽ പരിശോധനാഫലം ലഭിക്കാന്‍ നാല് ദിവസത്തോളം എടുക്കും. ഈ കാലയളവിൽ അടുത്ത പ്രദേശത്തേയ്ക്കും ഇവ വ്യാപിക്കാൻ ഇടയാക്കും. ഇതുമൂലം പല കർഷകരും ഈ പ്രദേശം വിട്ടൊഴിയുകയാണ്. ജില്ലയിൽ 450 രൂപ വിലയുണ്ടായിരുന്ന താറാവിന് ഇപ്പോൾ വില 300 രൂപയിലും താഴെയെത്തി. ഇറച്ചിക്കോഴിക്ക് കിലോയ്ക്ക് 140 രൂപയാണ്. കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചിട്ടുണ്ട്. കാവാലം ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കാവാലം, നീലംപേരൂർ, വെളിയനാട്, മുട്ടാർ, രാമങ്കരി, ചമ്പക്കുളം, നെടുമുടി, കൈനകരി, പുളിങ്കുന്ന് എന്നീ പഞ്ചായത്തുകളിൽ താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും 24 വരെ നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി.