തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമിന് ശമ്പളക്കുടിശ്ശിക നൽകാൻ ഉത്തരവിറക്കി സംസ്ഥാന സർക്കർ. 8.50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2018 മെയ് മുതൽ ചിന്തയുടെ ശമ്പളം 1 ലക്ഷം രൂപയായി സർക്കാർ നേരത്തെ തന്നെ ഉയർത്തിയിരുന്നു. എന്നാൽ ശമ്പള കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം സർക്കാരിന് കത്തെഴുതുകയായിരുന്നു.
ശമ്പളക്കുടിശ്ശിക ചോദിച്ച് വാങ്ങിയതല്ലെന്ന ചിന്ത ജെറോമിന്റെ വാദമാണ് ഇതോടെ തകർന്നത്. കുടിശ്ശിക ആവശ്യപ്പെട്ട പ്രകാരമാണ് അനുവദിച്ച് നൽകുന്നതെന്ന് കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു
സാമ്പത്തിക പ്രതിസന്ധി ക്കിടയിൽ ചിന്ത ജെറോമിന് ശമ്പള കുടിശ്ശിക അനുവദിക്കാൻ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായിരുന്നു. താൻ സർക്കാരിനോട് കുടിശ്ശിക വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. അങ്ങനൊരു കത്ത് ഉണ്ടെങ്കിൽ പുറത്ത് വിടാനും ചിന്ത മാദ്ധ്യമങ്ങളെ വെല്ലുവിളിച്ചു. ചിന്ത പറഞ്ഞത് നുണയാണെന്ന് ഇന്ന് സർക്കാർ ഇറക്കിയ ഉത്തരവിൽ നിന്ന് വ്യക്തമായിരിക്കുകയാണ്.