ദില്ലി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനം ജാമിയ മിലിയ സർവകലാശാലയിൽ മാറ്റിവെച്ചതായി എസ്എഫ്ഐ. ഇന്ന് ആറു മണിക്കായിരുന്നു ബിബിസി ഡോക്യുമെന്ററി പ്രദർശനം തീരുമാനിച്ചിരുന്നത്. എന്നാൽ, സർവകലാശാല അധികൃതർ ഗേറ്റുകൾ അടച്ച് നിയന്ത്രണം കർശനമാക്കിയതോടെ പ്രദർശനം സാധ്യമാകില്ലെന്ന് എസ്എഫ്ഐ നേതാക്കൾ അറിയിച്ചു. ബിബിസി ഡോക്യുമെന്‍ററി പ്രദർശനത്തിന് മുന്നോടിയായി വിദ്യാർത്ഥി യൂണിയൻ നേതാക്കളെ കരുതൽ തടങ്കലിലാക്കിയതിനെതിരെ സർവകലാശാലയ്ക്ക് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സർവകലാശാലയിലെ എല്ലാ ഗേറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥർ അടച്ചു.
നേരത്തെ ജെഎൻയു സർവകലാശാലയിലും ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. ലാപ്പ്ടോപ്പിലും മൊബൈൽ ഫോണുകളിലുമായി കൂട്ടം കൂടിയിരുന്ന് ഡോക്യുമെൻ്ററി കണ്ട വിദ്യാർത്ഥികൾക്ക് നേരെ ഒരു വിഭാഗം കല്ലെറിയുകയായിരുന്നു. എബിവിപി പ്രവർത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് വിദ്യാർത്ഥികൾ ആരംഭിക്കുന്നത്. കല്ലേറിന് പിന്നാലെ വിദ്യാർത്ഥികൾ പ്രകടനമായി ക്യാംപസിന് പുറത്തേക്ക് പോയി. പ്രധാനമന്ത്രിയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്‍ററിയുടെ ജെഎൻയും ക്യാംപസിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് ഡോക്യുമെൻ്ററി പ്രദർശനം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ എട്ടരയോടെ ക്യാംപസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.