ലീഗ് പോരാട്ടം ഫാസിസ്റ്റ് ശക്തികൾക്ക് എതിരെയാണെന്ന് സാദിക്കലി ശിഹാബ് തങ്ങൾ. കേന്ദ്രം ജനങ്ങളെ ഭിന്നിപ്പിക്കുന്നെന്ന് സാദിക്കലി ശിഹാബ് തങ്ങൾ ട്വന്റിഫോറിനോട് പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കണമെന്നും മതേതര സഖ്യം വ്യാപിപ്പിക്കണമെന്നും സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു. 2024ലെ ലോക്‌സഭാ തെരെഞ്ഞടുപ്പാണ് ലീഗിന്റെ ലക്ഷ്യം.
മതേതര ശക്തികളെ ഇടതുപക്ഷം ഗൗരവത്തോടെ കാണുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ മാത്രം സിപിഐഎം ഒതുങ്ങിയതിന് കാരണം മത നേതാക്കളെ ഗൗരവമായി കാണാത്തത് കൊണ്ടാണ്. ലീഗ് കേരളത്തിന് പുറത്ത് വളർന്നെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം മുസ്‍ലിം ലീഗ് രൂപീകരണത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ആശംസ അറിയിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വെറുപ്പിന്റേയും വിഭജനത്തിന്റേയും കെട്ട കാലത്ത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പച്ചത്തുരുത്താണ് മുസ്‍ലിം ലീഗെന്ന് സതീശൻ പറഞ്ഞു.
വലിയ പരീക്ഷണ ഘട്ടങ്ങളെ സമചിത്തതയോടെ അതിജീവിച്ച രാഷ്ട്രീയ പാരമ്പര്യമാണ് ലീഗിനുള്ളത്. കോൺഗ്രസും ലീഗുമായുള്ള ആത്മബന്ധത്തിന് അര നൂറ്റാണ്ടിന്റെ പ്രായമുണ്ട്. തളർത്താൻ ശ്രമിച്ചവരെയെല്ലാം തകർത്തെറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.