സ്വന്തമായി ആപ്പ് ഉണ്ടാക്കി ഏറ്റവും പ്രായം കുറഞ്ഞ iOS ഡെവലപ്പറായി മാറിയ ഹന റഫീഖ് എന്ന 9 വയസ്സുകാരിയെ ഓർക്കുന്നുണ്ടോ? ആപ്പിൾ സിഇഒ ടിം കുക്കിൽ നിന്നുവരെ ഈ കൊച്ചുമിടുക്കി പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ അവളുടെ സഹോദരി ലീന റഫീഖും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ദുബായിൽ താമസക്കാരായ ഈ ഇന്ത്യൻ പെൺകുട്ടി 11-ാം വയസ്സിൽ നേത്രരോഗങ്ങളും അതിന്റെ വിവിധ അവസ്ഥകളും കണ്ടുപിടിക്കാൻ AI ഉപയോഗിച്ച് ഒരു ആപ്പ് വികസിപ്പിച്ചെടുത്തു.
തനിയെ കോഡിങ് പഠിച്ചാണ് ലീന ‘ഓഗ്ലർ ഐസ്‌കാൻ’ എന്ന AI അടിസ്ഥാനമാക്കിയുള്ള ആപ്പ് വികസിപ്പിച്ചെടുത്തത്. അവൾ 10 വയസ്സുള്ളപ്പോൾ ഈ ആപ്പ് വികസിപ്പിച്ചെടുത്തു. ഐഫോണിലൂടെ ഈ മൊബൈൽ ആപ്പ് ഉപയോഗിച്ച് സ്കാനിംഗ് പ്രക്രിയയിലൂടെ വിവിധ നേത്രരോഗങ്ങളും മറ്റു നേത്രാവസ്ഥകളും കണ്ടെത്താൻ സാധിക്കും.
“ഏറ്റവും സന്തോഷകരമായ വാർത്തയാണിത്! Ogler EyeScan എന്ന് പേരിട്ടിരിക്കുന്ന എന്റെ പുതിയ കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള മൊബൈൽ ആപ്പ് നിങ്ങൾക്ക് പരിചയപെടുത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 10-ാം വയസ്സിലാണ് ഞാൻ ഈ ആപ്പ് നിർമ്മിക്കുന്നത്. അതുല്യമായ സ്കാനിംഗ് പ്രക്രിയയിലൂടെ വിവിധ നേത്രരോഗങ്ങളും അതിന്റെ അവസ്ഥകളും കണ്ടുപിടിക്കാൻ ഓഗ്ലറിന് കഴിയും.” എന്ന അടിക്കുറിപ്പോടെയാണ് ലീന പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.