ന്യൂയോര്‍ക്ക്: വേൾഡ് മലയാളി കൗൺസിൽ സ്ഥാപക നേതാവും ചെയർപേഴ്സണുമായിരുന്ന ലേഖ ശ്രീനിവാസൻ അന്തരിച്ചു. മുന്‍ ഇന്ത്യന്‍ അംബാസഡറും, ഉന്നത വിദ്യാഭ്യാസ സമിതി ഉപാധ്യക്ഷനുമായിരുന്ന ടി.പി ശ്രീനിവാസനാണ് ഭർത്താവ്. ജനുവരി 10-ന് ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്കാരം നടത്തും.
സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ലേഖാ ശ്രീനിവാസൻ. കരുണ ചാരിറ്റീസ് ഇന്റര്‍നാഷണൽ സ്ഥാപക, ഡിഎംസി ട്രസ്റ്റിന്റെ രക്ഷാധികാരി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. വേൾഡ് മലയാളി കൗൺസിലിൻ്റെ തുടക്കകാലത്ത് ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കലാരംഗത്തും സജീവ സാന്നിധ്യമായിരുന്നു. ചിത്രകാരിയും നര്‍ത്തകിയുമാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിദഗ്ധ ചികിത്സയിലായിരുന്നു.
മകന്‍ ശ്രീനാഥ് ശ്രീനിവാസൻ കൊളംബിയ സര്‍വകലാശാലയില്‍ ജേര്‍ണലിസം പ്രഫസറായിരുന്നു. പിന്നീട് ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ ചീഫ് ഡിജിറ്റല്‍ ഓഫിസര്‍ ആയി.
ഇളയമകന്‍ ശ്രീകാന്ത് ദുബൈയില്‍ കെ.ഇ.എഫ് ഹോള്‍ഡിങ്‌സിനും ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനും വേണ്ടി പ്രവര്‍ത്തിച്ചു വരികയാണ്.