തമിഴ് സിനിമയിൽ മികച്ച വിജയമുണ്ടാക്കി തിയേറ്ററിൽ പ്രദർശനം തുടരുകയാണ് വിജയ്-ലോകേഷ് ചിത്രം ‘ലിയോ’. ആഗോളതലത്തിൽ ഹിറ്റായ ജവാനെ പോലും ആദ്യ ദിന കളക്ഷനിൽ പിന്നിലാക്കാൻ ലിയോയ്ക്ക് സാധിച്ചു. കളക്ഷനിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും തമിഴ്നാട്ടിലെ തിയേറ്റർ ഉടമകൾക്ക് ലിയോ ലാഭം ഉണ്ടാക്കുന്നില്ല എന്നതാണ് വാസ്തവം. ഇതേ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് തമിഴ്നാട് തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് തിരുപ്പൂര്‍ സുബ്രഹ്‍മണ്യം.
ചിത്രം തങ്ങള്‍ക്ക് ലാഭകരമല്ലെന്നാണ് തിരുപ്പൂര്‍ സുബ്രഹ്‍മണ്യം പറയുന്നത്. ചിത്രത്തിന്‍റെ റിലീസിന് മുന്‍പുതന്നെ റെവന്യൂ ഷെയറിംഗുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവിനും തിയേറ്റര്‍ ഉടമകള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. തിയേറ്റര്‍ ഉടമകള്‍ കളക്ഷന്‍റെ 80 ശതമാനം തങ്ങള്‍ക്ക് നല്‍കണമെന്നതായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. ഇത് തിയേറ്റര്‍ ഉടമകള്‍ക്ക് സ്വീകാര്യമായിരുന്നില്ല.
പിന്നീട് നിർമ്മാതാക്കളുമായുള്ള നീണ്ട ചർച്ചകൾക്ക് ശേഷം ലിയോ പ്രദർശനത്തിന് മടിച്ചു നിന്ന തിയേറ്റർ ഉടമകൾ സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.