കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസ് ആരോപണനിരയിൽ കൂടുതൽ പ്രമുഖർ. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ മകൻ, എംഎ യൂസഫലി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, വ്യവസായ പ്രമുഖൻ രവി പിള്ള തുടങ്ങിയവരിലേക്കൊക്കെ ആരോപണങ്ങൾ നീളുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കർ നേരത്തെ തന്നെ ജയിലിൽ ആയിരുന്നു.
പാവപ്പെട്ടവർക്കായി വീട് പണിതു നൽകാൻ മാറ്റിവച്ച 20 കോടിയിൽ 4 കോടിയും അടിച്ചുമാറ്റിയെന്നതാണ് അഴിമതി ആരോപണം. അതേസമയം യുസഫലി, രവി പിള്ള എന്നിവരൊന്നും കേസിൽ നേരിട്ട് പ്രതികളാണെന്ന് കണ്ടെത്തിയിട്ടില്ല. ഇവർക്കെതിരെയുള്ളത് സ്വപ്നയുടെ മൊഴിയിലെ പരാമർശങ്ങൾ മാത്രമാണ്.
എങ്കിൽ പോലും സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിയാൻ ഇതൊക്കെ ധാരാളമാണ്. മുഖ്യമന്ത്രിയുടെ കുടുംബവും ഓഫീസും പാർട്ടി സെക്രട്ടറിയും ആരോപണ നിഴലിലാണ്. അന്വേഷണം കേന്ദ്ര ഏജൻസികളാണ്.
മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സോളാർ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ താഴ്ന്ന ഗ്രേഡിലുള്ള മൂന്ന് പേർ ആരോപണ വിധേയരാവുകയും അവരെ പുറത്താക്കുകയും ചെയ്തിരുന്നു. ഗൺമാനും രണ്ട് പിഎമാരുമായിരുന്നു ആരോപണ വിധേയർ. പക്ഷേ ഇവർക്കെതിരെ സോളാർ പ്രതിയെ ഫോൺ വിളിച്ചതിന്റെ കോൾ ലിസ്റ്റുകളല്ലാതെ മറ്റൊരു തെളിവുകളും ഉണ്ടായിട്ടില്ല.
പിന്നീട് നടന്ന പല തട്ടിലുള്ള അന്വേഷണങ്ങളിലും അവർക്കെതിരെയുള്ള ആരോപണങ്ങൾ പോലും തെളിയിക്കപ്പെട്ടിട്ടില്ല. അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരായ ഉദ്യോഗസ്ഥരും അതിലോ മറ്റ് ആരോപണങ്ങളിലോ ഉൾപ്പെട്ടില്ല. അത്രയും ആയപ്പോൾ തന്നെ ഒരു ലക്ഷം പേർ സെക്രട്ടറിയേറ്റ് വളഞ്ഞ് തലസ്ഥാനം സ്തംഭിപ്പിച്ചിരുന്നു.
എംഎ യൂസഫലിക്ക് ഇത്തരം അഴിമതികളുടെ പിന്നാലെ പോകേണ്ട ആവശ്യമുള്ളയാളല്ല. അദ്ദേഹം അതിനു നിൽക്കുകയുമില്ല. പക്ഷേ നിർഭാഗ്യവശാൽ കേസിന്റെ വിശദാംശങ്ങളിലേയ്ക്ക് അന്വേഷണ സംഘം സഞ്ചരിച്ചപ്പോൾ അദ്ദേഹത്തിൽ നിന്നും മൊഴിയെടുക്കേണ്ടതുണ്ട്. എന്നാൽ രവി പിള്ളയുടെ കാര്യം അത നിസാരമല്ല. ഇതെല്ലാം കൂടി ലൈഫ് മിഷൻ കേസിന് ഒരു വിഐപി പരിവേഷമാണ് നൽകിയിരിക്കുന്നത്.
അതിനിടയിലാണ് തനിക്ക് 30 കോടി വാഗ്ദാനം ചെയ്തെന്നും കേസിൽ നിന്നും പിൻവാങ്ങിയില്ലെങ്കിൽ കൊന്നു കളയുമെന്ന് പാർട്ടി സെക്രട്ടറിയുടെ അവതാരമായി രംഗത്തു വന്ന ഇടനിലക്കാരൻ പറഞ്ഞുവെന്നുമുള്ള ആരോപണവുമായി കേസിലെ പ്രതിയായ സ്വപ്ന സുരേഷ് രംഗത്തുവന്നിരിക്കുന്നത്.