ന്യൂഡൽഹി : ലണ്ടനിലെ ഹൈക്കമ്മിഷൻ ഓഫിസിനു മുന്നിൽ ഇന്ത്യയുടെ ദേശീയ പതാക ഖലിസ്ഥാൻ അനുകൂലികൾ നീക്കിയ സംഭവത്തിൽ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചു. ഇന്നലെ രാത്രി ഡൽഹിയിൽ ബ്രിട്ടിഷ് ഡപ്യൂട്ടി ഹൈക്കമ്മിഷണർ ക്രിസ്റ്റിന സ്കോട്ടിനെ വിളിച്ചുവരുത്തിയാണു വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. സുരക്ഷാ വീഴ്ചയിൽ വിശദീകരണം തേടിയ ഇന്ത്യ, ഈ അലംഭാവം സ്വീകാര്യമല്ലെന്നു വ്യക്തമാക്കി. എത്രയും വേഗം കുറ്റക്കാരെ പിടികൂടണമെന്നും ആവശ്യപ്പെട്ടു.
ഖലിസ്ഥാൻ അനുകൂലിയും പിടികിട്ടാപ്പുള്ളിയുമായ അമൃത്പാൽ സിങ്ങിനായി നടത്തുന്ന തിരച്ചിലിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് ഇന്ത്യൻ പതാക താഴ്ത്തി ഖലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ലണ്ടനിൽ നടന്നത് പ്രതിഷേധാർഹമാണെന്നും ശക്തമായി അപലപിക്കുന്നതായും ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസ് ട്വീറ്റ് ചെയ്തു.