റിയാദ്: ‘ആവശ്യമുള്ളതെന്തും ഇപ്പോൾ വാങ്ങുക, പണം പിന്നീട് നൽകിയാൽ മതി’ എന്ന പുതിയ പേയ്മെൻറ് സൗകര്യവുമായി ലുലു ഹൈപർമാർക്കറ്റ്. പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക മേഖലയിലെ മുൻനിര ഫിനാൻഷ്യൽ സർവിസസ് ആപ്പായ ടാബിയുമായി ചേർന്നാണ് വേനലവധി, ബാക് ടു സ്കൂൾ സീസണുകൾ പ്രമാണിച്ച് ഉപഭോക്താക്കൾക്കായി സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റ് ഈ ഷോപ്പിങ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന സമയമാണിത്. എന്നാൽ, അത്രയും പണം കൈവശമുണ്ടായിരിക്കില്ല. ഈ സാഹചര്യത്തിലാണ് ‘ആവശ്യമുള്ളതെല്ലാം ഇപ്പോൾ വാങ്ങൂ, പണം പിന്നീട് നൽകിയാൽ മതി’ എന്ന ബി.എൻ.പി.എൽ (ബയ് നൗ, പേ ലേറ്റർ) സംവിധാനം ടാബിയുടെ സഹായത്തോടെ ഏർപ്പെടുത്തിയത്.
ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം മുൻകൂറ് നൽകാതെ ഷോപ്പിങ് നടത്താനാവും. സൗദിയിലെ മുഴുവൻ ബ്രാഞ്ചുകളിലും ഓൺലൈൻ സ്റ്റോറിലും നാലു തവണ വരെ ഈ രീതിയിൽ ഷോപ്പിങ് നടത്താം. ഫീസോ പലിശയോ ഇല്ല എന്നതാണ് സവിശേഷത. ഉപഭോക്താവിന് താങ്ങാവുന്ന മികച്ച ഓഫറുകൾ നൽകി അവരുടെ ജീവിത ഗുണനിലവാരം ഉയർത്താൻ നല്ല ഇടപാടുകൾ ഒരുക്കുന്നതിൽ ലുലു എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു. ബി.എൻ.പി.എൽ ആ ഇടപാടുകളുടെ തുടർച്ചയാണെന്നും ഈ വേനൽക്കാലം ഉപഭോക്താക്കൾക്ക് മികച്ചതാവാൻ ആശംസിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.