അബുദാബി: യുഎഇയിലെ ഏറ്റവും പുരാതന ദേവാലയമായ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പത്തു ലക്ഷം ദിർഹം (2.25 കോടി രൂപ) സംഭാവന ചെയ്തു.
ചെക്ക് അടുത്ത മാസം നടക്കുന്ന കൊയ്ത്തുത്സവത്തിൽ കൈമാറും. 2021 ഡിസംബറിൽ ആരംഭിച്ച പുതിയ കെട്ടിടത്തിന്റെ 40% നിർമാണം പൂർത്തിയായി. 2024 മേയിൽ നിർമാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്.യൂസഫലി നൽകുന്ന പിന്തുണയ്ക്ക് വികാരി റവ. ഫാ. എൽദോ എം പോൾ നന്ദി രേഖപ്പെടുത്തി.
2.5 കോടി ദിർഹം ചെലവിൽ രണ്ടു ഘട്ടമായാണ് വികസനം. പുതിയ ആരാധനാലയത്തിന് 1.5 കോടി ദിർഹമാണ് നിർമാണച്ചെലവ്. 1,800 കുടുംബങ്ങളിലായി 6000 അംഗങ്ങളാണ് കത്തീഡ്രലിന് കീഴിലുള്ളത്. നിർമാണം പൂർത്തിയാകുന്നതോടെ ഒരേസമയം 2000 പേർക്ക് ആരാധന നിർവഹിക്കാം. 1968ൽ ഒരു കോൺഗ്രിഗേഷനായി തുടങ്ങിയ സഭയ്ക്ക് യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനാണ് ഖാലിദിയയിൽ പള്ളി നിർമിക്കാൻ സ്ഥലം അനുവദിച്ചത്.
അദ്ദേഹം തന്നെ ശിലയിട്ട ദേവാലയത്തിൽ 1971 ഡിസംബർ ഒന്നിന് ആദ്യ പ്രാർഥന നടന്നു. പിന്നീട് 1983ൽ ചർച്ച് മുഷ്റിഫിലേക്കു മാറ്റി. ഇവിടെ 39 വർഷം പ്രാർഥന നടത്തിയ ആരാധനാലയം കാലപ്പഴക്കം മൂലമാണ് പുതിയത് നിർമിക്കുന്നത്.