മലപ്പുറം: മുസ്ലിംലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വ്യത്യസ്ത നിലപാടുമായി നേതാക്കള്‍. ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച ശശി തരൂര്‍ എം.പിയുടെ പരാമര്‍ശത്തെ അതേ വേദിയില്‍വെച്ച് തിരുത്തി എം.കെ മുനീര്‍ രംഗത്തെത്തി. പ്രതിരോധവും അക്രമവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയണമെന്ന് എം.കെ മുനീര്‍ പറഞ്ഞു. ഭഗത് സിംഗും സുഭാഷ് ചന്ദ്രബോസുമൊക്കെ ബ്രിട്ടീഷുകാര്‍ക്ക് ഭീകരവാദികളായിരുന്നുവെന്നും മുനീര്‍ വേദിയില്‍ പറഞ്ഞു.
ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ മുസ്ലിംലീഗ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പ്രസംഗിച്ചത്. പലസ്തീന്‍ വിഷയം മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ലെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ശശി തരൂര്‍ എം പി പറഞ്ഞു. എത്ര കുഞ്ഞുങ്ങളുടെ രക്തത്തില്‍ വാള്‍മുങ്ങണം ഈ യുദ്ധം അവസാനിക്കാന്‍. മുസ്ലീങ്ങള്‍ക്ക് വേണ്ടിയുള്ളത് മാത്രമല്ല ലീഗിന്റെ ഈ റാലി. ഇത് മനുഷ്യരുടെ പ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഈ റാലിയിലെ ജനസാഗരത്തെ കാണുമ്പോള്‍ സന്തോഷമുണ്ട്. പലസ്തീനികള്‍ക്ക് വേണ്ടി നടക്കുന്ന ഏറ്റവും വലിയ റാലി ആയിരിക്കും ഇത്. ഈ യുദ്ധം നിര്‍ത്തണം എന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. മനുഷ്യാവകാശ ധ്വംസനത്തിന്റെ വലിയ ഉദാഹരണമാണ് കാണുന്നത്. ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്നും ശശി തരൂര്‍ പ്രസംഗിച്ചിരുന്നു.