ചെന്നൈ: തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണത്തിന് ഏർപ്പെടുത്തിയ 50 ശതമാനം പരിധി എടുത്തുകളയണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ക്വാട്ടയുടെ അളവ് തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണം. സ്വകാര്യ മേഖലയിലും സംവരണം നീട്ടണം. 2015-ൽ ശേഖരിച്ച സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് ഡാറ്റ പുറത്തുവിടണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ ഫെഡറേഷൻ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ രണ്ടാം ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജുഡീഷ്യൽ നിയമനങ്ങളിൽ പിന്നാക്ക സമുദായങ്ങൾക്കും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും ആനുപാതിക പ്രാതിനിധ്യവും സംവരണവും വേണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒ.ബി.സി) എന്നിവർക്ക് ആനുപാതിക പ്രാതിനിധ്യവും സംവരണവും നൽകേണ്ടതിന്റെ ആവശ്യകത ഏറെയാണ്. ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.എസ്.സി പോലുള്ള പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിൽ ഈ സമുദായങ്ങളിലെ വിദ്യാർഥികൾക്ക് മുൻഗണന നൽകേണ്ടതുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി ജീവനക്കാരുടെ പരാതികൾ പരിഹരിക്കാൻ സാമൂഹിക നീതി കമ്മിറ്റി രൂപീകരിക്കാനും അദ്ദേഹം നിർദേശിച്ചു.