കൊല്ലം: കൊല്ലത്തെ കെ.എസ്.ആർ.ടി.സി ബസ്റ്റാന്റ് കെട്ടിടത്തിന്റെ നവീകരണത്തിന് ഫണ്ട് അനുവദിക്കാത്തതിൽ ഗതാഗതവകുപ്പിനെതിരെ എം. മുകേഷ്. എം.എൽ.എ ഫണ്ടിൽനിന്ന് ഒരു കോടിയും പിന്നീട് ആറു കോടിയും നൽകാമെന്ന് പറഞ്ഞ് വകുപ്പിന് കത്ത് നൽകി. മന്ത്രിമാരെ നേരിൽക്കണ്ട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി.
നിരവധി പ്രാവശ്യം നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചു. വാണിജ്യ സൗധമല്ല, യാത്രക്കാർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറിനിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണ് കൊല്ലം ഡിപ്പോക്ക് അടിയന്തരമായി വേണ്ടത്. അത് നൽകാൻ മാനേജ്‌മെന്റും വകുപ്പും തയ്യാറാകുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്നും എം.എൽ.എ മുന്നറിയിപ്പ് നൽകി.