തിരുവനന്തപുരം: താനൂർ ബോട്ട് ദുരന്തത്തിൽ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബോട്ടുകളിൽ പരിശോധന നടക്കുന്നത് അപകടം ഉണ്ടാകുമ്പോൾ മാത്രമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇനി 25 ആളുകൾ മരിക്കുമ്പോഴാണ് വീണ്ടും പരിശോധന ഉണ്ടാവുന്നത്. അതുവരെ പരിശോധന ഉണ്ടാവില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബോട്ട് ദുരന്തത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, താനൂർ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമ്മീഷൻ നാളെ സന്ദർശിക്കും. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ആലപ്പുഴ ചീഫ് പോർട്ട് സർവേയർ എന്നിവർ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ബോട്ട് ദുരന്തത്തിൽ പ്രതിയായ ബോട്ടുമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ തിരൂർ സബ്ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.