മലയാള സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. യുവനിര സംവിധായകരില്‍ തന്‍റേതായ സ്ഥാനം അടയാളപ്പെടുത്തിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ക്യാമറയ്ക്ക് മുന്നിലേക്ക് ആദ്യമായി മോഹന്‍ലാല്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ യുഎസ്‍പി. ഹൈപ്പ് മനസിലാക്കി വന്‍ റിലീസ് ആണ് ചിത്രത്തിന് നിര്‍മ്മാതാക്കള്‍ ഒരുക്കുന്നത്. ജിസിസി രാജ്യങ്ങള്‍ കൂടാതെ തന്നെ വിദേശത്ത് 59 രാജ്യങ്ങളില്‍ വാലിബന്‍ എത്തും. ജിസിസി കൂടി കൂട്ടിയാല്‍ 65 രാജ്യങ്ങള്‍.
അംഗോള, അര്‍മേനിയ, അസര്‍ബൈജാന്‍, ബോട്സ്വാന, കോംഗോ, എസ്റ്റോണിയ, ഘാന, ഐവറി കോസ്റ്റ്, മാള്‍ട്ട, സീഷെല്‍സ്, സ്വീഡന്‍ തുടങ്ങി മലയാള സിനിമയ്ക്ക് സാധാരണയായി റിലീസ് ഉണ്ടാവാത്ത നിരവധി രാജ്യങ്ങളില്‍ വാലിബന്‍ എത്തുന്നുണ്ട്. യുകെയില്‍ മാത്രം 175 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം എത്തുക. അതേസമയം അഡ്വാന്‍സ് ബുക്കിംഗിലും ചിത്രം വന്‍ പ്രതികരണമാണ് നേടുന്നത്.
റിലീസിന് ആറ് ദിവസം മുന്‍പ് തന്നെ കേരളത്തിലെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചിരുന്നു. വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ അനുസരിച്ച് ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ 2 കോടിക്കും 2.50 കോടിക്കും ഇടയില്‍ കളക്റ്റ് ചെയ്തിട്ടുണ്ട്. ട്രാക്കര്‍മാരായ വാട്ട് ദി ഫസിന്‍റെ കണക്ക് പ്രകാരം ട്രാക്ക് ചെയ്ത 1549 ഷോകളില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിട്ടുള്ളത് 2.48 കോടിയാണ്. റിലീസിന് രണ്ട് ദിവസം ശേഷിക്കെയുള്ള കണക്കാണ് ഇത്. ഈ ദിനങ്ങളില്‍ ചിത്രം നേടുന്ന ബുക്കിംഗിനെക്കൂടി ആശ്രയിച്ചാണ് ഓപണിംഗ് കളക്ഷന്‍ എത്ര വരുമെന്ന് അനുമാനിക്കാനാവുന്നത്. ഏതായാലും മലയാളത്തിലെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷനുകളില്‍ ഒന്ന് വാലിബന്‍ നേടുമെന്നാണ് ചലച്ചിത്ര വ്യവസായത്തിന്‍റെ പ്രതീക്ഷ.