യുഎഇയില്‍ തൊഴിലാളികള്‍ക്കുള്ള നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി. എല്ലാ ദിവസവും ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ അനുവദിക്കുക. യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയമാണ് വ്യാഴാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഉച്ചവിശ്രമനിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ഓരോ തൊഴിലാളിക്കും 5000 ദിര്‍ഹം വീതം പിഴ ചുമത്തും. നിരവധിപ്പേര്‍ ഇങ്ങനെ നിയമംലംഘിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തുന്ന സ്ഥലങ്ങളില്‍ പരമാവധി അരലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. ജൂണ്‍ 15 മുതല്‍ സെപ്‍റ്റംബര്‍ 15 വരെ ആയിരിക്കും തുറസായ സ്ഥലങ്ങളിലുള്ള ജോലികള്‍ക്ക് വിലക്കുള്ളതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
ഉച്ചവിശ്രമനിയമം പ്രാബല്യത്തിലുള്ള മാസങ്ങളില്‍ പരമാവധി ജോലി സമയം എട്ട് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഈ സമയത്തില്‍ അധികം ജോലി ചെയ്യിച്ചാല്‍ അത് ഓവര്‍ടൈം ജോലിയായി കണക്കാക്കി അതിന് അധിക വേതനം നല്‍കണം. ഉച്ചവിശ്രമ സമയത്ത് ഇവര്‍ക്ക് വിശ്രമിക്കാന്‍ തണലുള്ള സ്ഥലം ഒരുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.