സുൽത്താൻപുർ : കഴുതപ്പാല്‍ ഉപയോഗിച്ച് നിർമിക്കുന്ന സോപ്പുകള്‍ എക്കാലവും സ്ത്രീകളുടെ സൗന്ദര്യം നിലനിര്‍ത്തുമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മനേക ഗാന്ധി. ക്ലിയോപാട്ര രാജ്ഞി കഴുതപ്പാലിലാണ് കുളിച്ചിരുന്നതെന്നും അവർ പറഞ്ഞു. ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന മനേക ഗാന്ധിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി.
‘‘പ്രശസ്ത രാജ്ഞിയായ ക്ലിയോപാട്ര കഴുതപ്പാലിലാണു കുളിച്ചിരുന്നത്. കഴുതപ്പാല്‍ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പിനു നിലവില്‍ 500 രൂപയാണ് ഡല്‍ഹിയിലെ വില. എന്തുകൊണ്ടാണ് ആട്ടിന്‍പാലും കഴുതപ്പാലും ചേര്‍ത്ത് സോപ്പുണ്ടാക്കാത്തത്? കഴുതകളെ കണ്ടിട്ട് എത്ര നാളായി. അവയുടെ എണ്ണം കുറയുകയാണ്. അലക്കുകാരും കഴുതകളെ ഉപയോഗിക്കുന്നത് നിർത്തി. കഴുതകളുടെ എണ്ണം കുറയുന്നത് ശ്രദ്ധിച്ച ഒരു സമൂഹം ലഡാക്കിലുണ്ട്. അവർ കഴുതകളുടെ പാലുപയോഗിച്ച് സോപ്പുണ്ടാക്കാന്‍ തുടങ്ങി. കഴുതപ്പാലുകൊണ്ടുള്ള സോപ്പുകൾ സ്ത്രീശരീരത്തെ എന്നും സുന്ദരമായി നിലനിർത്തും’’– ഉത്തർപ്രദേശിലെ സുൽത്താൻപുരിലെ പരിപാടിയിൽ മനേക ഗാന്ധി പറഞ്ഞു.