ഇംഫാൽ : മണിപ്പുരിൽ വീണ്ടും വെടിവയ്പ്. 2 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തെങ്നൗപാൽ, കക്ചിങ് ജില്ലകളിൽ വെള്ളിയാഴ്ച രാവിലെ മുതലാണ് വെടിവയ്പ് ആരംഭിച്ചത്. അസം റൈഫിൾസിലെ ഒരു ജവാനും കുക്കി വിഭാഗത്തിൽപ്പെടുന്ന ആളും കൊല്ലപ്പെട്ടു.
ആയുധധാരികളായ പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലാണ് വെടിവയ്പ്പുണ്ടായത്. പാല്ലെൽ നഗരത്തിൽ സ്ത്രീകൾ റോഡ് തടഞ്ഞതോടെയാണ് അസം റൈഫിൾസും ആയുധധാരികളും തമ്മിൽ വെടിവയ്പ് ആരംഭിച്ചത്. ഇതോടെ കൂടുതൽ സുരക്ഷാ സേനകൾ ഇവിടേക്ക് എത്തുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ ഉച്ചയ്ക്ക് 12ന് വീണ്ടും കർഫ്യു ഏർപ്പെടുത്തി. സംഘർഷത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.
മെയ്തെയ് വിഭാഗക്കാർ സുരക്ഷാ സേനയുടെ വേഷത്തിലെത്തി സൈനിക ക്യാംപിൽ അഭയാർഥികളായി കഴിയുന്നവരെ ആക്രമിക്കുകയായിരുന്നുവെന്ന് കുക്കി വിഭാഗക്കാർ ആരോപിച്ചു. എന്നാൽ കുക്കി വിഭാഗക്കാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് മെയ്തെയ് വിഭാഗം ആരോപിച്ചു. കുക്കി വിഭാഗക്കാർ തങ്ങളുടെ വീടുകൾക്ക് തീയിട്ടുവെന്നും വെടിയുതിർത്തുവെന്നും മെയ്തെയ് വിഭാഗം ആരോപിച്ചു.
ജി20 സമ്മേളനം നടക്കുന്നതിനിടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനാണ് ആക്രമണം അഴിച്ചുവിട്ടതെന്നും മെയ്തെയ് കുറ്റപ്പെടുത്തി. സംഘർഷ സ്ഥലത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചുവെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.