കോട്ടയം: വലിയൊരു കുടുംബത്തെ സമ്മാനിച്ചാണ് അപ്പ പോയതെന്നും ഓരോ അംഗങ്ങളും ചാണ്ടി ഉമ്മനെ വിജയിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ. മഹിളാ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അവർ. ശബ്ദം ഇടറി, വിതുമ്പിയായിരുന്നു മറിയയുടെ പ്രസംഗം.
‘‘അപ്പയുടെ കൂടെ പല പ്രാവശ്യം വന്നിട്ടുള്ള സ്ഥലമാണിത്. ജനിച്ചതും വളർന്നതും തിരുവനന്തപുരത്താണെങ്കിലും പുതുപ്പള്ളി സ്വന്തം പോലെയാണ്. ഇവിടെയുള്ള ഓരോ മുഖങ്ങളും കണ്ടുപരിചയമുണ്ട്. അപ്പയ്ക്ക് ഇവിടെ ഓരോരുത്തരുമായി വ്യക്തിബന്ധമുണ്ട്. അപ്പ എന്തുമാത്രം ആളുകൾക്കു വേണ്ടി ജീവിച്ചു എന്നു മനസ്സിലായത് വിലാപയാത്രയിലാണ്.
അപ്പയ്ക്കു തിരിച്ചു പുതുപ്പള്ളിക്കു വരണമെന്നു വലിയ ആഗ്രഹമായിരുന്നു. ഓഗസ്റ്റില്‍ പങ്കെടുക്കേണ്ട ചടങ്ങുകളും കല്യാണ തീയതികളും ഡയറിയിൽ എഴുതിയിട്ടിരുന്നു. പക്ഷേ ദൈവഹിതം വേറെയായിരുന്നു. അപ്പയുമായി പുതുപ്പള്ളിക്കു തിരച്ചുവരാൻ പറ്റിയില്ല.
പഠിക്കാൻ പോയ കാലമൊഴിച്ച് അപ്പയുടെയും അമ്മയുടെയും കൂടെ ഏറ്റവും കൂടുതൽ കാലം താമസിച്ച ആൾ ഞാനാണ്. ചികിത്സയുടെ പത്തു മാസവും കൂടെയുണ്ടായിരുന്നു. അപ്പയോടൊപ്പം ബെംഗളൂരുവിൽ ഞാനും അമ്മയുമായിരുന്നു ഉണ്ടായിരുന്നത്. ആ സമയത്തെ ചാണ്ടി ഉമ്മന്റെ ടെൻഷൻ ഞാൻ കണ്ടിട്ടുണ്ട്. പല ദിവസങ്ങളിലും രണ്ടും മൂന്നും പ്രാവശ്യം വിളിക്കും. അപ്പ എങ്ങനെയുണ്ട്, വല്ല കുഴപ്പവുമുണ്ടോ, ഇത്ര മാത്രമേ ചോദിക്കൂ. അപ്പനെ ഇത്രയേറെ സ്നേഹിച്ച മകൻ വേറെ കാണില്ലായിരിക്കും’’– മറിയ ഉമ്മൻ പറഞ്ഞു.