കോട്ടയം: സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങൾക്കു മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. തന്റെ ഏതു സ്വത്തുവിവരവും സിപിഎമ്മിന് നേരിട്ടു പരിശോധിക്കാമെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. ഇതിനായി ആരെയെങ്കിലും നിയോഗിക്കാൻ കുഴൽനാടൻ സിപിഎമ്മിനോട് ആവശ്യപ്പെട്ടു. ആരോപണം ഉന്നയിക്കുന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനെ മറുപടി നൽകി തൃപ്തിപ്പെടുത്താമെന്നു തോന്നുന്നില്ലെന്ന് പറഞ്ഞ കുഴൽനാടൻ, സിപിഎം നേതാവും മുൻ മന്ത്രിയുമായ തോമസ് ഐസക്കിനെപ്പോലെ കണക്കു നോക്കാൻ അറിയാവുന്ന ആരെയെങ്കിലും ഇതിനായി നിയോഗിക്കാനും ആവശ്യപ്പെട്ടു.
ഇതിനൊപ്പം, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ അക്കൗണ്ട് പരിശോധിക്കാൻ അനുവദിക്കുമോ എന്ന ചോദ്യവും കുഴൽനാടൻ ആവർത്തിച്ചു. പുതുപ്പള്ളിയിൽ പാർട്ടി ഏൽപ്പിച്ച ദൗത്യം ഉൾപ്പെടെ ഉള്ള സാഹചര്യത്തിൽ, തന്നോടു മാധ്യമങ്ങൾക്കു ചോദിക്കാനുള്ള ചോദ്യങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ വച്ചാൽ അതിനു മറുപടി പറയാനായി വിചാരണയ്ക്ക് ഇരിക്കാൻ തയാറാണെന്നും കുഴൽനാടൻ വ്യക്തമാക്കി. തന്റെ കുടുംബവീട്ടിൽ റവന്യൂവകുപ്പ് നടത്താനിരിക്കുന്ന പരിശോധനയെ കുഴൽനാടൻ സ്വാഗതം ചെയ്തു.
‘‘ഈ കണക്കുകളെല്ലാം നോക്കാൻ അറിയാവുന്നവർ ആരെങ്കിലും വന്നാൽ ഇതു മുഴുവൻ പരിശോധിക്കാം, തൃപ്തി വരുന്നതുവരെ നോക്കാം എന്നും എല്ലാറ്റിനും മറുപടി പറയാമെന്നും ഞാൻ പറഞ്ഞതാണ്. ഓരോരുത്തർക്കും തൃപ്തിയാകുന്ന ഭാഷയിൽ പറയാൻ എനിക്കറിയില്ല. സി.എൻ.മോഹനന് മാത്രം തൃപ്തിയാകുന്ന ഭാഷയും അറിയില്ല. സംശയങ്ങൾ മാറ്റാൻ പാർട്ടി ആരെയെങ്കിലും നിയോഗിച്ചാൽ അവരോടു മറുപടി പറയാമെന്ന് പറഞ്ഞിട്ട് ഇതുവരെ പ്രതികരണമില്ലെന്നും കുഴൽ നാടൻ പറഞ്ഞു.