തിരുവനന്തപുരം : മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരായ വിജിലൻസ് അന്വേഷണത്തിന് അന്വേഷണസംഘത്തെ രൂപീകരിച്ചു. കോട്ടയം റേഞ്ച് എസ്പി വിനോദ് കുമാറിനാണ് അന്വേഷണ ചുമതല. ഉടുമ്പൻചോല താലൂക്കിൽ കെട്ടിടം വാങ്ങി വിലകുറച്ചു റജിസ്റ്റർ ചെയ്തെന്നാണ് കുഴൽനാടനെതിരായ പരാതി. ചിന്നക്കനാൽ വില്ലേജിൽ 1.14 ഏക്കർ സ്ഥലവും കെട്ടിടവും വിൽപന നടത്തിയതിലും റജിസ്റ്റർ ചെയ്തതിലും ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു.
തുടർന്നു വിജിലൻസ് രഹസ്യാന്വേഷണം നടത്തി പ്രാഥമിക അന്വേഷണത്തിനായി സർക്കാർ അനുമതി തേടുകയായിരുന്നു. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17–ാം വകുപ്പ് അനുസരിച്ചു ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് അനുമതി നൽകിയത്. 3 മാസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി സർക്കാരിനു റിപ്പോർട്ട് നൽകും. ഉത്തരവിൽ മാത്യു കുഴൽ നാടൻ എംഎൽഎയുടെ പേര് പരാമർശിക്കുന്നില്ല.