തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം. മുതലാളിവത്കരണത്തിന്റെ ചൂഷണങ്ങൾക്കിടയിലും ഏതൊരു രാജ്യത്തിന്റെയും സാമൂഹ്യ ശക്തിയായി തൊഴിലാളികൾ നിലകൊള്ളുന്നു എന്നത് ഈ ലോക തൊഴിലാളി ദിനത്തിൽ കരുത്തുപകരുന്ന പ്രതീക്ഷകൂടിയാണ്.
തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തിൽ ചരിത്രഭൂമികയിൽ മാറ്റത്തിന്റെ അലയൊലികൾ തീർത്ത ദിവസം. മെയ് ഒന്ന് തൊഴിലാളിയുടെ ത്യാഗവും സഹനവും ക്ലേശവും നമ്മെ ഓർമപ്പെടുത്തുകയാണ്. 1886ൽ ചിക്കാഗോയിലെ എ.എം മാർക്കറ്റിൽ രക്തം ചിന്തിയ തൊഴിലാളികളുടെ ധീരസ്മരണയ്ക്ക് മുന്നിലാണ് ഓരോ തൊഴിലാളി ദിനവും ആചരിക്കപ്പെടുന്നത്. എട്ട് മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം എട്ടുമണിക്കൂർ വിനോദം എന്ന മുദ്രാവാക്യം ലോകം മുഴുവൻ മുഴങ്ങി. 1889ൽ പാരീസിൽ ചേർന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോൺഗ്രസാണ് ആദ്യമായി മെയ് ദിനം ആചരിച്ചത്. ഇന്ത്യയിൽ ആദ്യമായി മെയ് ദിനം ആചരിച്ചത് 1923ൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാനാണ്..