തിരുവനന്തപുരം: മിസ്സൂറി സിറ്റി മേയർ പദവിയിൽ രണ്ടാം തവണയും വിജയിച്ച മേയർ റോബിൻ ഇലക്കാട്ടിന് അഭിനന്ദനങ്ങളറിയിച്ച് കേരള നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ. ആഗോള മലയാളി സമൂഹത്തിൻ്റെ അഭിമാനമാണ് അദ്ദേഹമെന്ന് സ്പീക്കർ പറഞ്ഞു. കേരള നിയമസഭയിൽ സന്ദർശനം നടത്തിയ മേയർ റോബിൻ ഇലക്കാട്ടിനെ നിയമസഭാ ചേംബറിൽ പൊന്നാട അണിയിച്ച് ആദരിക്കുകയായിരുന്നു അദ്ദേഹം.

എക്സൈസ് വകുപ്പ് മന്ത്രിയും മുൻ സ്പീക്കറുമായിരുന്ന എം. ബി. രാജേഷും മേയർ റോബിൻ ഇലക്കാട്ടിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കേരള നിയമസഭയുടെ പ്രത്യേക പുരസ്കാരവും സ്പീക്കർ എ. എൻ. ഷംസീർ മേയറിന് സമ്മാനിച്ചു. അഭിനന്ദന ചടങ്ങിൽ മുൻ മന്ത്രിയും കടുത്തുരുത്തി നിയമസഭാംഗവുമായ അഡ്വ. മോൻസ് ജോസഫ് എം. എൽ. എ പൂച്ചെണ്ടും മംഗള പത്രവും സമ്മാനിച്ചു.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, റവന്യു മന്ത്രി കെ. രാജൻ, കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എം. എൽ.എ, ഡോ. മാത്യു കുഴൽനാടൻ എം. എൽ. എ, മുൻ മന്ത്രി പി. ജെ ജോസഫ് എം. എൽ. എ, അനൂപ് ജേക്കബ് എം. എൽ. എ തുടങ്ങിയവരെ നേരിൽ കണ്ട മേയർ സൗഹൃദം പങ്കുവെച്ചു. പ്രയത്ന ഡയറക്ടർ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിയും മേയറോടൊപ്പം വിവിധ ചടങ്ങുകളിൽ പങ്കെടുത്തു.

