റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത ഗവര്‍ണറായി ചുമതലയേല്‍ക്കുന്നു. സെൻട്രൽ ബാങ്കിലെ മുതിർന്ന സാമ്പത്തിക വിദഗ്ധയായ മിഷേൽ ബുള്ളക്കാണ് പുതിയ ആർബിഎ ഗവർണർ. സെപ്റ്റംബറിൽ സ്ഥാനമൊഴിയുന്ന ഗവർണർ ഫിലിപ്പ് ലോയിൽ നിന്ന് മിഷേൽ ചുമതലയേൽക്കും. സെൻട്രൽ ബാങ്കിന്റെ 63 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വനിത ഗവർണർ വരുന്നത്.
പുരുഷ മേധാവിത്വവും ലിംഗ അസമത്വവും ഏറെയുള്ള ഓസ്‌ട്രേലിയയിലെ സാമ്പത്തിക സേവന വ്യവസായ രംഗത്തേയ്ക്കാണ് സുപ്രധാന ചുമതല ഏറ്റെടുത്തുകൊണ്ട് ഒരു വനിത എത്തുന്നത്. പലിശ നിരക്ക് കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് ലോവിനെ രണ്ടാം തവണയും നിയമിക്കേണ്ടതില്ലെന്ന തീരുമാനം. ഓസ്‌ട്രേലിയയുടെ സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ കഴിവുള്ള മികച്ച സാമ്പത്തിക വിദഗ്ധയാണ് മിഷേൽ ബുള്ളക്ക് എന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ് ട്വിറ്ററിൽ കുറിച്ചു.
”ഏറെ വെല്ലുവിളി നിറഞ്ഞ സമയമത്താണ് ഈ പദവിയിലേക്ക് വരുന്നത്. എന്നാൽ ശക്തമായ ഒരു എക്സിക്യൂട്ടീവ് ടീമും ബോർഡും എനിക്കൊപ്പമുണ്ട്” -മിഷേൽ പ്രസ്താവനയിൽ പറഞ്ഞു. റിസര്‍വ് ബാങ്ക് അതിന്റെ നയങ്ങള്‍ ഓസ്‌ട്രേലിയന്‍ ജനതയുടെ ക്ഷേമങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നത് ഉറപ്പാക്കുമെന്ന് മിഷേല്‍ കൂട്ടിച്ചേർത്തു. ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് മുൻപ് സെൻട്രൽ ബാങ്കിൽ ഒരു അനലിസ്റ്റായി വന്ന മിഷേൽ ആർബിഎ ഇൻസൈഡർ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 2022 ഏപ്രിലിൽ ആർബിഎയുടെ ഡെപ്യൂട്ടി ഗവർണറായി നിയമിക്കപ്പെടുന്നതിന് മുൻപ് അസിസ്റ്റന്റ് ഗവർണറും പേയ്‌മെന്റ് പോളിസി ഡിപ്പാർട്ട്‌മെന്റ് മേധാവിയും ഉൾപ്പെടെ സീനിയർ മാനേജ്‌മെന്റ് സ്ഥാനങ്ങൾ മിഷേൽ ബുള്ളക്ക് വഹിച്ചിട്ടുണ്ട്.