തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാർത്താസമ്മേളനം നടത്തിയതിന് പി.വി.അൻവർ എംഎൽഎയുടെ പേരിൽ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. റിട്ടേണിങ് ഓഫിസറാണ് ചേലക്കര പൊലീസിനോട് കേസെടുക്കാൻ നിർദേശം നൽകിയത്. ചേലക്കരയിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം മറികടന്ന് അൻവർ ഇന്ന് രാവിലെ വാർത്താസമ്മേളനം നടത്തിയിരുന്നു. വാർത്താസമ്മേളനം നടക്കുന്നതിനിടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നോട്ടിസ് നൽകിയതോടെ നാടകീയ രംഗങ്ങളായിരുന്നു ചേലക്കരയിൽ ഉണ്ടായത്.
നിശബ്ദ പ്രചാരണത്തിനിടെ വാർത്താസമ്മേളനം നടത്താനാകില്ലെന്ന് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. ചട്ടം ലംഘിച്ചതിന് അൻവറിന് നോട്ടിസ് നൽകിയ ശേഷമാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ചട്ടലംഘനമാണെന്ന് അറിയിക്കാൻ വന്ന ഉദ്യോഗസ്ഥനെ അൻവർ തിരിച്ചയയ്ക്കുകയും ചട്ടം കാണിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. മുന്നണികൾ തുക ചെലവാക്കിയതിൽ കമ്മിഷൻ നടപടി എടുക്കുന്നില്ല എന്നു പറയാനായിരുന്നു വാർത്താസമ്മേളനം. വാ പോയ കോടാലിയെ പിണറായി എന്തിനാണ് പേടിക്കുന്നതെന്നും അൻവർ ചോദിച്ചു.