ന്യൂഡൽഹി : വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിലായി പുതുതായി ജോലിയിൽ പ്രവേശിക്കുന്ന വ്യക്തികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വിഡിയോ കോൺഫറൻസിങ് വഴി നിയമന കത്തുകൾ കൈമാറും. ഒരുലക്ഷം പേർക്കാണു വിവിധ വകുപ്പുകളിലായി നിയമനം ലഭിക്കുക. ഇതിനൊപ്പം സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിനും ഉന്നമനത്തിനുമായി സ്ഥാപിക്കുന്ന കർമയോഗി ഭവൻ കോംപ്ലക്സിന്റെ ഒന്നാംഘട്ടത്തിന്റെ തറക്കല്ലിടലും ഡൽഹിയിൽ മോദി നിർവഹിക്കും.
രാജ്യവ്യാപകമായി 47 കേന്ദ്രങ്ങളിൽ വെർച്വൽ തൊഴിൽമേളയായ റോസ്ഗാർ മേളയും സംഘടിപ്പിക്കുന്നുണ്ട്. റോസ്ഗാർ മേളയിലൂടെ കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയ്ക്കു കീഴിലെ വിവിധ സ്ഥാപനങ്ങളിൽ നിയമനങ്ങൾ നടത്തും. റവന്യൂ, ആഭ്യന്തരം, ഉന്നത വിദ്യാഭ്യാസം, ആണവോർജം, പ്രതിരോധ മന്ത്രാലയം, സാമ്പത്തിക സേവനം, ആരോഗ്യ കുടുംബക്ഷേമം, റെയിൽവേ തുടങ്ങി വിവിധ വകുപ്പുകളിലേക്കാണു തൊഴിൽമേള വഴി നിയമനങ്ങള്‍ നടത്തുന്നത്.
പുതുതായി നിയമിതരാകുന്ന വ്യക്തികൾക്ക് കർമയോഗി പോർട്ടൽ വഴി ഓൺലൈൻ പരിശീലനവും നൽകും. എണ്ണൂറോളം ഇ ലേണിങ് കോഴ്സുകളും കർമയോഗി പോർട്ടലിൽ ഉൾപ്പെടുത്തി.