ന്യൂഡൽഹി: മിസോറം സന്ദർശനത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പിൻമാറി. നരേന്ദ്ര മോദിയുമായി വേദി പങ്കിടില്ലെന്ന മിസോറം മുഖ്യമന്ത്രി സോരംതംഗയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം. സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മിസോറാമിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ മണിപ്പൂരിൽ കുക്കികൾക്കും ക്രൈസ്തവാരാധനാലയങ്ങൾക്കുമെതിരേ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മിസോറാമിൽ എത്തുന്ന പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടില്ലെന്ന് മിസോറം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നരേന്ദ്ര മോദിയുടെ പിന്മാറ്റം. പ്രധാനമന്ത്രി പകരം കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവരെ സംസ്ഥാനത്ത് പ്രചാരണത്തിൽ എത്തിക്കാനാണ് ബിജെപി നീക്കം. അതേസമയം മണിപ്പൂർ കലാപത്തിൽ മൗനം തുടരുന്നുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മിസോറാമിൽ പ്രചാരണത്തിന് എത്താത്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
നവംബർ ഏഴിനാണ് മിസോറമിൽ തെരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ. 40 അംഗ നിയമസഭാ സീറ്റിൽ 23 ഇടങ്ങളിൽ ബി ജെ പി മത്സരിക്കും. നിലവിൽ ഒറ്റ എംഎൽഎ മാത്രമാണ് ബിജെപിക്കുള്ളത്.