ബെടുൽ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ‘മണ്ടൻമാരുടെ രാജാവ്’ എന്ന പ്രയോഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ബെടുലിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി മധ്യപ്രദേശിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനോടു പ്രതികരിക്കുകയായിരുന്നു നരേന്ദ്ര മോദി. ആളുകളുടെ പോക്കറ്റിൽ ചൈനയിൽ നിർമിച്ച ഫോണുകളാണെന്നും അവ മധ്യപ്രദേശിൽ നിർമിക്കാൻ സാധിക്കുമായിരുന്നു എന്നുമാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്.
ഇതിനെതിരെയാണ് നരേന്ദ്ര മോദി പ്രതികരിച്ചത്. ‘‘ജനങ്ങളുടെ അടുത്ത് ചൈനയിൽ നിർമിച്ച ഫോണുകളാണുള്ളതെന്നാണ് കോൺഗ്രസിലെ ഒരു മഹാൻ പറഞ്ഞത്. മണ്ടൻമാരുടെ രാജാവാണത്. ഏത് ലോകത്താണ് അവർ ജീവിക്കുന്നത്. അവർക്ക് രാജ്യത്തിന്റെ വളർച്ച കാണാൻ സാധിക്കാത്ത തരത്തിലുള്ള അസുഖമാണ്. ലോകത്തിൽ തന്നെ മൊബൈൽ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്. ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് കോൺഗ്രസ് നേതാക്കൾക്ക് അറിയില്ല. വീട്ടിൽ തന്നെ ഇരിക്കുന്ന അവർക്ക് പുറത്തുപോകാൻ പോലും താൽപര്യമില്ല.
മോദിയുടെ ഉറപ്പുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കോൺഗ്രസിന്റെ വ്യാജവാഗ്ദാനങ്ങൾക്ക് സാധിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾക്ക് തന്നെ അറിയാം. മധ്യപ്രദേശിൽ കോൺഗ്രസ് നടത്തുന്ന അഴിമതിയും കൊള്ളയും അവസാനിപ്പിക്കാൻ ഈ തിരഞ്ഞെടുപ്പിലൂടെ സാധിക്കണം. ബിജെപിയോട് എല്ലാവർക്കും വലിയ താൽപര്യമാണ്. വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയം സമ്മതിച്ചുകഴിഞ്ഞു’’ – മോദി പറഞ്ഞു.