കൊച്ചി : വിവിധ രംഗങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘യുവം 2023’ വേദിയിൽ മലയാള സിനിമയിലെ താരങ്ങളും ഗായകരും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം കോൺക്ലേവിൽ ബിജെപി നേതാവു കൂടിയായ സുരേഷ് ഗോപി, നടൻ ഉണ്ണി മുകുന്ദൻ, നടനും ഗായകനുമായ വിജയ് യേശുദാസ്, നടിമാരായ അപർണ ബാലമുരളി, നവ്യ നായർ, ഗായകൻ ഹരിശങ്കർ തുടങ്ങിയവരുമെത്തി. അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയും വേദിയിലെ ശ്രദ്ധേയ സാന്നിധ്യമായി.
പ്രധാനമന്ത്രി വേദിയിലെത്തുന്നതിനു മുന്നോടിയായി നടി നവ്യ നായരുടെ നൃത്തവും സ്റ്റീഫൻ ദേവസിയുടെ സംഗീതപരിപാടിയും വേദിയിൽ അരങ്ങേറി. തേവര ജംക്‌ഷനിൽ നിന്നു മെഗാ റോഡ് ഷോ ആയാണ് പ്രധാനമന്ത്രി ‘യുവം’ വേദിയിലേക്കെത്തിയത്. തേവര ജംക്‌ഷൻ മുതൽ ഒരു കിലോമീറ്ററോളം ദൂരം പ്രധാനമന്ത്രി കാൽനടയായി താണ്ടി കാത്തുനിന്നവരെ അഭിവാദ്യം ചെയ്തത് അപ്രതീക്ഷിതമായി.
ഇതിനു ശേഷമായിരുന്നു യുവം കോൺക്ലേവ്. പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം കേന്ദ്രമന്ത്രി വി.മുരളീധരനാണ് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. സമീപകാലത്തു ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയും വേദിയിൽ സംസാരിച്ചു. കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനാണ് അനിൽ. രാജ്യത്തു വിവിധ മേഖലകളിലായി ‘യുവം’ കോൺക്ലേവുകൾ നടത്താനാണു ബിജെപിയുടെ പരിപാടി. ഇതിൽ ആദ്യത്തേതാണു കൊച്ചിയിൽ ഇന്നു നടന്നത്.