വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട്ടിൽ. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച ചൂരല്‍മല സന്ദർശിക്കും. രാവിലെ 11 മണിയോടെ കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ ദുരന്തമേഖല നിരീക്ഷിക്കും.
മുഖ്യമന്ത്രിയും ഗവർണറും കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. 12.15 ഓടെ ദുരന്തമേഖലയിലെത്തുന്ന മോദി മൂന്ന് മണിക്കൂറോളം സ്ഥലത്ത് തുടരും. ദുരിതാശ്വാസ ക്യാമ്പുകളും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയും സന്ദർശിക്കും. പിന്നാലെ ഉന്നതതല യോഗവും ചേരും.
പ്രധാനമന്ത്രി വരുന്നതിനാൽ കാണാതായവർക്കായി ഇന്ന് തിരച്ചിലുണ്ടാവില്ല. സന്ദർശനത്തോടനുബന്ധിച്ച് വയനാട്ടിൽ ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങളും ചരക്കു വാഹനങ്ങളും കടത്തിവിടില്ല.